പുതിയ വീടുകൾ വാങ്ങാനുള്ള നികുതി ആനുകൂല്യങ്ങളിൽ അതൃപ്തി; പ്രോപ്പർട്ടി നിക്ഷേപങ്ങളിൽ വൻ ഇടിവ്, ബാങ്ക് വാല്യുവേഷൻ നഷ്ടങ്ങൾ ആശങ്കയാകുന്നു

മെൽബൺ: പുതിയ വീടുകൾ വാങ്ങാൻ സർക്കാർ പ്രഖ്യാപിച്ച നികുതി ആനുകൂല്യങ്ങളോട് താല്പര്യമില്ലാതെ ഓസ്‌ട്രേലിയയിലെ പ്രോപ്പർട്ടി നിക്ഷേപകർ. ഭവന നിർമ്മാണ മേഖലയെ ഉത്തേജിപ്പിക്കാൻ പുതിയ വീടുകൾക്ക് നികുതിയിളവുകൾ നിലനിർത്തിയിട്ടുണ്ടെങ്കിലും, പുതിയ വീടുകൾ വാങ്ങാനുള്ള വായ്പാ അപേക്ഷകളിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണച്ചെലവിലെ വർധനയും വീട് കൈമാറ്റ സമയത്ത് ബാങ്ക് വാല്യുവേഷനിൽ ഉണ്ടാകുന്ന വലിയ നഷ്ടങ്ങളുമാണ് നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നത്.

പ്രമുഖ മോർട്ട്ഗേജ് ബ്രോക്കറേജ് സ്ഥാപനമായ ‘ലോൺ മാർക്കറ്റ് ഗ്രൂപ്പി’ന്റെ കണക്കുകൾ പ്രകാരം ജനുവരി മുതൽ പുതിയ ഭവനവായ്പകൾക്കായുള്ള ആവശ്യത്തിൽ ശരാശരി 24 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ചില മേഖലകളിൽ നിക്ഷേപകരുടെ അപേക്ഷകളിൽ 44 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

2027 ജൂലൈ മുതൽ നിലവിലുള്ള പഴയ വീടുകൾക്ക് നെഗറ്റീവ് ഗിയറിംഗ് ആനുകൂല്യം പരിമിതപ്പെടുത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചിരുന്നു. അതേസമയം പുതിയ നിർമ്മാണങ്ങൾക്ക് നിലവിലുള്ള നികുതി ആനുകൂല്യങ്ങളും 50 ശതമാനം ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ഇളവും തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ആനുകൂല്യങ്ങൾ കണ്ട് പുതിയ വീടുകൾ വാങ്ങാൻ 4.8 ശതമാനം നിക്ഷേപകർ മാത്രമാണ് താല്പര്യം പ്രകടിപ്പിച്ചതെന്ന് പ്രോപ്പർട്ടി ഇൻവെസ്റ്റ്‌മെന്റ് പ്രൊഫഷണൽസ് ഓഫ് ഓസ്‌ട്രേലിയ (പിപ – PIPA) നടത്തിയ സർവേ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 50.7 ശതമാനം പേരും പഴയ വീടുകൾ വാങ്ങാനാണ് കൂടുതൽ മുൻഗണന നൽകുന്നത്. ബിൽഡർമാരെക്കുറിച്ചുള്ള ആശങ്കകൾ, നിർമ്മാണം പൂർത്തിയാകാൻ ഉണ്ടാകുന്ന കാലതാമസം, അനുയോജ്യമല്ലാത്ത ലൊക്കേഷനുകൾ എന്നിവ കാരണം 17.3 ശതമാനം പേർ പുതിയ വീടുകളിലെ നിക്ഷേപത്തിൽ നിന്ന് പിന്മാറിയതായും വ്യക്തമാക്കി.

സർവേ ഫലങ്ങൾ നിക്ഷേപകരുടെ ഇപ്പോഴത്തെ നിലപാടുകളുമായി കൃത്യമായി യോജിക്കുന്നുവെന്ന് പിപ അധ്യക്ഷ കേറ്റ് ബാക്കോസ് പറഞ്ഞു. നികുതി ഇളവുകൾ മാത്രം നോക്കിയല്ല ആളുകൾ നിക്ഷേപം നടത്തുന്നത് എന്നും വായ്പാ തിരിച്ചടവ് ശേഷി, പ്രോജക്റ്റുകളുടെ റിസ്ക്, ഭാവിയിലെ ലാഭം എന്നിവയാണ് നിക്ഷേപകർ കണക്കിലെടുക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

നിർമ്മാണച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ വീടുകൾ പൂർത്തിയാകുമ്പോൾ ബാങ്കുകൾ നൽകുന്ന വാല്യുവേഷൻ തുക കുറയുന്നത് നിക്ഷേപകർക്ക് വലിയ ബാധ്യതയായി മാറുന്നതായി ബയേഴ്സ് അഡ്വക്കേറ്റ് മഡലിൻ റോബർട്ട്സ് വ്യക്തമാക്കി. ഉദാഹരണത്തിന്, 7,50,000 ഡോളറിന് മുൻകൂട്ടി കരാറൊപ്പിട്ട ഒരു വീടിന് നിർമ്മാണം പൂർത്തിയാകുമ്പോൾ ബാങ്ക് നൽകുന്ന മൂല്യം 7,00,000 ഡോളർ മാത്രമാണെങ്കിൽ, വായ്പയെ ആശ്രയിക്കുന്ന വാങ്ങലുകാരൻ ബാക്കി തുകയായ 40,000 ഡോളറോളം സ്വന്തം കൈയിൽ നിന്ന് പെട്ടെന്ന് കണ്ടെത്തേണ്ടി വരുന്നു. വെറും നികുതിയിളവുകൾ കൊണ്ട് മാത്രം മോശമായ ഒരു നിക്ഷേപം ഒരിക്കലും മികച്ച നിക്ഷേപമായി മാറില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സാമ്പത്തിക വെല്ലുവിളികൾ കാരണം പല നിക്ഷേപകരും ഉയർന്ന വാടക വരുമാനം ലഭിക്കുന്നതും വില കുറഞ്ഞതുമായ വൺ ബെഡ്‌റൂം അപ്പാർട്ടുമെന്റുകളിലേക്ക് മാറുകയാണ്. എന്നാൽ ഇത് ഓസ്‌ട്രേലിയയിൽ സാധാരണ കുടുംബങ്ങൾക്ക് താമസിക്കാൻ ആവശ്യമായ വലിയ വാടക വീടുകളുടെ ലഭ്യതയെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *