വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന; യുവതി പിടിയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി തിരച്ചിൽ ഊർജിതം

മൂവാറ്റുപുഴ: വാടകവീടിന്റെ മറവിൽ മാരക ലഹരിമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിവന്ന യുവതിയെ മൂവാറ്റുപുഴയിൽ പോലീസ് പിടികൂടി. ഓടക്കാലി സ്വദേശിനി മിനിമോൾ ആണ് 32 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ വലയിലായത്.

ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയ്ക്ക് പുറമെ ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. ബഷീർ എന്ന സുഹൃത്തിനൊപ്പം ഭാര്യയും ഭർത്താവുമാണെന്ന വ്യാജേനയാണ് ഇവർ ഇവിടെ താമസിച്ചിരുന്നത്. പരിശോധനാ സമയത്ത് കടന്നുകളഞ്ഞ ബഷീർ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായിരുന്ന മിനിമോൾ കേവലം 13 ദിവസം മുൻപാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിനിടയിലാണ് വീണ്ടും ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയിലാകുന്നത്. ഒളിവിൽ കഴിയുന്ന ബഷീറിനെ ഉടൻ പിടികൂടാനാകുമെന്നും ലഹരി കടത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *