ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാ സഖ്യത്തിന്റെ നീക്കം. നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന മഹാറാലിയിൽ പത്തുലക്ഷത്തോളം പ്രവർത്തകരെ അണിനിരത്താനാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണമായ എസ്ഐആറിൽ ക്രമക്കേടുകൾ ആരോപിച്ചാണ് ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ പ്രതിപക്ഷ നേതാക്കളെയും ഒരുമിച്ച് അണിനിരത്തി ഐക്യം പ്രകടിപ്പിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. ഇതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എഐസിസി ആസ്ഥാനത്ത് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വിവിധ പ്രതിപക്ഷ മുന്നണികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. നേരത്തേ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും കെ.സി. വേണുഗോപാലും ഉത്തർപ്രദേശിലെയും ഹരിയാനയിലെയും പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിഷേധങ്ങൾ ശക്തമാക്കാനുള്ള നീക്കങ്ങൾക്കിടെ ഡൽഹി പൊലീസ് ആസ്ഥാനം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ക്രമസമാധാനനില വിലയിരുത്തി.
അതേസമയം, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള വ്യാപാരത്തെ റാലി പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമായി ഡൽഹിയിലെ വ്യാപാരികൾ രംഗത്തെത്തി. റാലി ഏകദേശം 10,000 കോടി രൂപയുടെ വ്യാപാരനഷ്ടമുണ്ടാക്കുമെന്നാണ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയുടെ (സിടിഐ) വിലയിരുത്തൽ. ചാന്ദ്നി ചൗക്ക്, സദർ ബസാർ എന്നിവയുൾപ്പെടെ രാംലീല മൈതാനത്തിനു സമീപമുള്ള ഇരുപതോളം പ്രധാന മൊത്ത-ചില്ലറ വ്യാപാര വിപണികളെ റാലി ബാധിക്കുമെന്ന് വ്യാപാരി സംഘടനകൾ ആശങ്കപ്പെടുന്നു.
ഈ മാസം നടന്ന വിവിധ പ്രതിഷേധങ്ങൾ മൂലം ഡൽഹിയിലെ വ്യാപാരികൾക്ക് ഇതിനകം 3,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വ്യാപാരികളുടെ അവകാശവാദം. ഉത്സവകാലം അവസാനിച്ചശേഷം റാലി നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വ്യാപാരികൾ കത്തയച്ചതായും റിപ്പോർട്ടിൽ പറയുന്നു.

