തൃപ്പൂണിത്തുറയിൽ ‘ദീപം’ പദ്ധതിക്ക് തുടക്കം; വിദ്യാർഥികൾ മാറ്റങ്ങൾക്കനുസരിച്ച് കോഴ്‌സുകൾ കണ്ടെത്തണമെന്ന് മന്ത്രി റോജി എം. ജോൺ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം, സാമൂഹിക പ്രതിബദ്ധത, കരിയർ സ്വപ്നങ്ങൾ എന്നിവ കൂടുതൽ മികവുറ്റതാക്കുന്നതിനായി നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ‘ദീപം: ദി ലൈറ്റ് ഓഫ് തൃപ്പൂണിത്തുറ’യ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിച്ചു.

മാറുന്ന വിദ്യാഭ്യാസ രീതികൾക്കും തൊഴിലവസരങ്ങൾക്കും അനുസൃതമായി അനുയോജ്യമായ കോഴ്സുകൾ കണ്ടെത്തുകയും, അതിൽ മികവ് പുലർത്തുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നവർക്ക് അവസരങ്ങൾ എന്നും നിലനിൽക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, തൊഴിൽ മേഖലയിലും ദിനംപ്രതി വലിയ മാറ്റങ്ങളാണ് വരുന്നത്. ഇന്ന് കാണുന്ന തൊഴിൽ സാധ്യതകൾ നാളെ പഠിച്ചിറങ്ങുന്നവർക്ക് ഉണ്ടാകണമെന്നില്ല. അതിവേഗം കുതിക്കുന്ന ഈ മാറ്റങ്ങൾക്ക് അനുയോജ്യമായി, സ്വന്തം അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ കണ്ടെത്താനും കരിയർ തിരഞ്ഞെടുക്കാനും വിദ്യാർഥികൾക്ക് സാധിക്കണം. നല്ലൊരു ഭാവിക്കായി വിദ്യാഭ്യാസമാണ് മാർഗമെന്നും അതിൽ കഠിനാധ്വാനം ചെയ്യുന്നവർക്കാണ് അവസരങ്ങൾ ലഭിക്കുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കാലം കഴിയുംതോറും പരമ്പരാഗത ക്ലാസ് റൂം പഠന രീതികളിൽ നിന്ന് ഡിജിറ്റൽ യുഗത്തിലെ എല്ലാ സാധ്യതകളും വിനിയോഗിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ രീതിയിലേക്കാണ് നമ്മൾ സഞ്ചരിക്കുന്നത്. ഇന്ന് കാണുന്ന മൂന്നോ നാലോ വർഷ ഡിഗ്രി കോഴ്സുകൾക്കപ്പുറം ഡിപ്ലോമ പോലുള്ള ഹ്രസ്വകാല കോഴ്സുകൾക്ക് സാധ്യതകൾ കൂടിവരികയാണ്. വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച മിഷൻ സമുദ്ര പോലുള്ള പദ്ധതികളിലൂടെ നിരവധി ലോജിസ്റ്റിക്സ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. കൂടാതെ ടൂറിസം, ഹോസ്പിറ്റാലിറ്റി, മെഡിക്കൽ, പാരാമെഡിക്കൽ എന്നീ മേഖലകളിൽ അനന്തമായ സാധ്യതകളാണുള്ളത്. അതിലേക്കുള്ള പ്രചോദനവും പ്രോത്സാഹനവും നൽകാൻ ‘ദീപം’ പദ്ധതിക്ക് സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ അഭിരുചികളും കഴിവുകളും തിരിച്ചറിഞ്ഞ്, അനുയോജ്യമായ ഉന്നതപഠന-കരിയർ അവസരങ്ങളിലേക്ക് അവരെ പ്രാപ്തരാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ‘വി ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ്’ എന്ന സോഷ്യൽ എൻജിനീയറിങ് ടീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ദീപക് ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. ബാബു മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്ക ലോഗോ പ്രകാശനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ സുബിൻ പോൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *