ദേശീയ ഉപഭോക്തൃ കമ്മീഷൻ അംഗം ഡോ. ഇന്ദ്രജിത്ത് സിംഗ് എറണാകുളം ജില്ലാ കമ്മീഷൻ സന്ദർശിച്ചു

കൊച്ചി: ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ (NCDRC) അംഗം ഡോ. ഇന്ദ്രജിത്ത് സിംഗ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഓഫീസ് സന്ദർശിച്ചു. കേരളത്തിലെ ഉപഭോക്തൃ കമ്മീഷനുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ജില്ലാ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം അഭിഭാഷകരുമായും പരാതിക്കാരുമായും സംവദിച്ചു.

സന്ദർശനത്തിന്റെ സ്മരണയ്ക്കായി കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ ജില്ലാ കമ്മീഷൻ ഓഫീസ് വളപ്പിൽ ഒരുക്കിയിട്ടുള്ള ‘പച്ചത്തുരുത്ത്’ പദ്ധതിയുടെ ഭാഗമായി അദ്ദേഹം വൃക്ഷത്തൈ നട്ടു. ഉപഭോക്തൃ സംരക്ഷണത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആരോഗ്യകരമായ ജീവിതവും ശുദ്ധമായ പരിസ്ഥിതിയും ഓരോ പൗരന്റെയും അവകാശമാണെന്നും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും പരിസ്ഥിതി അവബോധം വളർത്തുന്നതിനും ‘പച്ചത്തുരുത്ത്’ പോലുള്ള പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ജോയിന്റ് രജിസ്ട്രാർ ഇഖ്ബാൽ അഹമ്മദ്, സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ അംഗം ഡി. അജിത് കുമാർ, എറണാകുളം ജില്ലാ കമ്മീഷൻ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ, രജിസ്ട്രാർ പി.ടി. സൂരജ്, അസിസ്റ്റന്റ് രജിസ്ട്രാർ നിതിൻ മാത്യൂസ് കുര്യൻ, നോഡൽ ഓഫീസർ മുഹമ്മദ്‌ നിയാസ് എന്നിവർ പങ്കെടുത്തു.

എറണാകുളത്തെ സന്ദർശനത്തിനുശേഷം ഡോ. ഇന്ദ്രജിത്ത് സിംഗ് ഇടുക്കി ജില്ലാ കമ്മീഷൻ സന്ദർശിക്കും. കേരള സന്ദർശനത്തിന്റെ ഭാഗമായി വിവിധ ജില്ലാ കമ്മീഷനുകളുടെയും സംസ്ഥാന കമ്മീഷന്റെയും പ്രവർത്തനം വിലയിരുത്തുന്നതിനൊപ്പം തിരുവനന്തപുരത്ത് ഉപഭോക്തൃകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും

Leave a Reply

Your email address will not be published. Required fields are marked *