തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മഴ അതിതീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. ഇതിനുപുറമെ മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിൽക്കുന്ന തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ച ശേഷം ഒക്ടോബർ 26-ന് രാവിലെയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഒക്ടോബർ 27-ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി മാറുന്ന ഈ കാലാവസ്ഥാ സംവിധാനം, തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി അതിശക്തമായ ചുഴലിക്കാറ്റായി മാറും. ഒക്ടോബർ 28-ന് രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്തുന്ന ചുഴലിക്കാറ്റ്, ഉച്ചയ്ക്ക് മുൻപായി യാനം തീരങ്ങൾക്കിടയിലൂടെ ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും മധ്യേ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും പരമാവധി 140 കിലോമീറ്റർ വരെയും വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 25 മുതൽ 27 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതിതീവ്ര മഴ കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്ന കാസർകോട് ജില്ലയിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ തീവ്രമഴ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശമുണ്ട്. തിങ്കളാഴ്ച കാസർകോടും കണ്ണൂരും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

