ന്യൂഡൽഹി: വോട്ട് കൊള്ളയടിക്കപ്പെട്ടു എന്നാരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യാ മുന്നണി പ്രഖ്യാപിച്ച പ്രതിഷേധ റാലി മാറ്റിവെക്കണമെന്ന ഡൽഹിയിലെ വ്യാപാരികളുടെ ആവശ്യത്തിന് മറുപടിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിലവിലെ പ്രതിഷേധങ്ങൾ അവസാനിക്കണമെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടണമെന്ന് രാഹുൽ ഗാന്ധി വ്യാപാരികളോട് പറഞ്ഞു. ഈ ആവശ്യം അംഗീകരിച്ചാൽ മുപ്പത് സെക്കൻഡിനുള്ളിൽ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി സംഘടിപ്പിക്കുന്ന വൻ റാലി ഉത്സവ സീസണിലെ വിപണിയെ സാരമായി ബാധിക്കുമെന്നും അതിനാൽ നവംബർ പത്തിന് ശേഷത്തേക്ക് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് രാഹുൽ ഗാന്ധി എക്സ് (X) പ്ലാറ്റ്ഫോമിൽ പ്രതികരണം കുറിച്ചത്.
ഡൽഹിയിലെ വ്യാപാരികളുടെ ആശങ്കകൾ മനസ്സിലാക്കുന്നുവെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, തലസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിച്ചത് സർക്കാരിന്റെ നടപടികളാണെന്നും കുറ്റപ്പെടുത്തി. മെട്രോ സർവീസുകൾ നിർത്തിവെച്ചും റോഡുകൾ അടച്ചുപൂട്ടിയും ഡൽഹിയെ സർക്കാർ അനാവശ്യമായി ലോക്ക്ഡൗണിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് മോഷ്ടിക്കപ്പെടുന്ന സാഹചര്യത്തിൽ ആരുടെയും കടയോ സമ്പാദ്യമോ മക്കളുടെ ഭാവിയോ സുരക്ഷിതമായിരിക്കില്ലെന്നും നാലാം പ്രതിയായ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറായാൽ പ്രതിഷേധങ്ങൾ ഉടൻ അവസാനിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ധൻതേരസ്, ദീപാവലി, ഭായ് ദൂജ് ഉത്സവങ്ങൾക്ക് മുന്നോടിയായി റാലി നടന്നാൽ രാംലീലാ മൈതാനത്തിന് ചുറ്റുമുള്ള മൊത്ത-ചില്ലറ വിപണികൾ സ്തംഭിക്കുമെന്നും ഏകദേശം 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയലാണ് രാഹുലിന് കത്തയച്ചിരുന്നത്. ഉത്സവ സീസണിൽ ഡൽഹിയിൽ 25,000 കോടിയോളം രൂപയുടെ വ്യാപാരം പ്രതീക്ഷിക്കുന്ന സമയത്ത് സമരം വലിയ തിരിച്ചടിയാകുമെന്നായിരുന്നു വ്യാപാരി സംഘടനയുടെ ആശങ്ക.

