മിനിമം ചാർജ് 15 രൂപയാക്കണം; നവംബർ മൂന്ന് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: പ്രിയദർശിനി സർവീസുകൾ ആരംഭിച്ചതിനെത്തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ അനിശ്ചിതകാല സർവീസ് നിർത്തിവെക്കാൻ സ്വകാര്യ ബസ് ഉടമ സംയുക്ത സമിതി തീരുമാനിച്ചു. മിനിമം നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 16-ന് സർക്കാരിന് നോട്ടീസ് നൽകിയിട്ടും ചർച്ചയ്ക്കോ നടപടികൾക്കോ അധികൃതർ തയാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മിനിമം ചാർജ് 15 രൂപയാക്കി ഉയർത്തുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉടമകൾ മുന്നോട്ടുവെക്കുന്നത്. നാലര വർഷം മുൻപാണ് സംസ്ഥാനത്ത് യാത്രാനിരക്ക് അവസാനമായി പുതുക്കിയതെന്നും ഇവർ ചൂണ്ടിക്കാട്ടി. ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരാനാണ് സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബസുടമകൾ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഓരോ ദിവസവും രണ്ടുപേർ വീതമാണ് നിരാഹാരമിരിക്കുന്നത്.

പ്രിയദർശിനി സർവീസുകൾ കാരണം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച മുൻ ഡി.ജി.പി പത്മനാഭൻ കമ്മീഷൻ സെപ്റ്റംബർ രണ്ടിന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാനോ തങ്ങളുമായി ചർച്ച നടത്താനോ സർക്കാർ തയാറായിട്ടില്ലെന്ന് ബസുടമകൾ കുറ്റപ്പെടുത്തി. ഗതാഗതമന്ത്രി കെ.എസ്.ആർ.ടി.സിയുടെ മാത്രം മന്ത്രിയായി മാറിയെന്നും അവർ വിമർശിച്ചു. കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പണിമുടക്ക് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *