തിരുവനന്തപുരം: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാകുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സൈനിക ബന്ധം ഏറെ നിർണായകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ. കേരളത്തിൽ നടക്കുന്ന ‘ഓസ്ട്രഹിന്ദ് 2026’ (AUSTRAHIND 2026) സംയുക്ത സൈനികാഭ്യാസ വേദി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പോരാടാൻ പരിശീലിക്കുക, വിജയിക്കാൻ സജ്ജരാവുക” എന്ന ശക്തമായ സന്ദേശമാണ് ഇരുരാജ്യങ്ങളിലെയും സൈനികർക്കായി അദ്ദേഹം പങ്കുവെച്ചത്. സംയുക്ത അഭ്യാസത്തിൽ ഇന്ത്യൻ സൈനികർക്കൊപ്പം പങ്കാളികളാകുന്ന ഓസ്‌ട്രേലിയൻ ആർമിയുടെ പതിമൂന്നാം ബ്രിഗേഡിലെ 120-ഓളം സൈനികരെ ഫിലിപ്പ് ഗ്രീൻ നേരിൽക്കണ്ട് സംവദിക്കുകയും പരിശീലന പുരോഗതി വിലയിരുത്തുകയും ചെയ്തു. ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും മുൻനിർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

