സിഡ്നി: അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിനുള്ള ഓസ്ട്രേലിയയുടെ ശ്രമങ്ങളിൽ ഇന്ത്യ നിർണായക കേന്ദ്രമായി മാറിയെന്ന് ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ. ഓസ്ട്രേലിയൻ ഇന്റർനാഷണൽ എജ്യുക്കേഷൻ കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ വിദ്യാഭ്യാസ സഹകരണത്തെക്കുറിച്ച് വ്യക്തമാക്കിയത്.
വിദ്യാർഥികൾ ഓസ്ട്രേലിയയിലേക്ക് എത്തി പഠിക്കുന്നതിൽ മാത്രമായി അന്താരാഷ്ട്ര വിദ്യാഭ്യാസത്തെ ചുരുക്കിക്കാണേണ്ടതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടോ മറ്റ് സാഹചര്യങ്ങൾ മൂലമോ എല്ലാവർക്കും ഓസ്ട്രേലിയയിലേക്ക് നേരിട്ടെത്തി പഠിക്കാൻ സാധിച്ചെന്നുവരില്ല; അത്തരം വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം സ്വന്തം നാട്ടിൽത്തന്നെ ലഭ്യമാക്കുകയാണ് സർവകലാശാലകളുടെ ഇന്ത്യയിലെ ക്യാമ്പസുകൾ വഴി ലക്ഷ്യമിടുന്നത്. ഡീകിൻ, വോളോങ്ഗോങ്, യു.എൻ.എസ്.ഡബ്ല്യു (UNSW), വിക്ടോറിയ, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ (UWA) ഉൾപ്പെടെയുള്ള പ്രമുഖ ഓസ്ട്രേലിയൻ സർവകലാശാലകൾ ഇതിനകം ഇന്ത്യയിൽ കാമ്പസുകൾ ആരംഭിച്ചിട്ടുണ്ട്. വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി ഗ്രേറ്റർ നോയിഡയിൽ ഉടൻ പുതിയ ക്യാമ്പസ് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം മനുഷ്യജീവിതങ്ങളിലും രാജ്യങ്ങളിലും കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങൾ വിശദീകരിക്കാൻ ഡൽഹി സന്ദർശനത്തിനിടെ ഉണ്ടായ ഒരു അനുഭവവും മന്ത്രി പങ്കുവെച്ചു. 2025 ഡിസംബറിൽ ഡൽഹിയിലെ ചേരിപ്രദേശം സന്ദർശിച്ചപ്പോൾ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. കടുത്ത സാമ്പത്തിക പരിമിതികൾക്കിടയിലും സ്കൂൾ വിദ്യാഭ്യാസവും ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും പൂർത്തിയാക്കിയ ആ പെൺകുട്ടിക്ക് ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിന് പ്രവേശനം ലഭിച്ചിരിക്കുകയാണ്. നിലവിൽ അവൾ ഓസ്ട്രേലിയയിൽ പഠനം തുടരുകയാണെന്നും വിദ്യാഭ്യാസത്തിന് ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

