ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് സുപ്രീം കോടതി പത്ത് ദിവസത്തെ സമയം അനുവദിച്ചു. എസ്.ഐ.ആർ നടപടികൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുള്ളതാണെന്നും മൂന്ന് അംഗങ്ങളും ചേർന്നാണ് ഉത്തരവുകൾ ഏകകണ്ഠമായി പുറപ്പെടുവിച്ചതെന്നും വ്യക്തമാക്കി കമ്മിഷൻ നൽകിയ 248 പേജുള്ള സത്യവാങ്മൂലത്തിനാണ് ഹർജിക്കാർ മറുപടി സമർപ്പിക്കേണ്ടത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനിടെ സുപ്രീം കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ വോട്ടർ രജിസ്ട്രേഷൻ ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയെന്ന് കാണിച്ച് രാജ്യസഭാ എം.പി ഡോല സെൻ നൽകിയ പുതിയ ഹർജിയിൽ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. ഫോം 6-ൽ മാറ്റം വരുത്താൻ പരമോന്നത കോടതിയുടെ അനുമതി ഉണ്ടായിരുന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തെറ്റാണെന്ന് ഡോല സെന്നിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകയും എം.പിയുമായ മേനക ഗുരുസ്വാമി വാദിച്ചു. വിഷയത്തിലെ നിയമപ്രശ്നങ്ങൾ കോടതി വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ആദ്യ ഹർജിക്കാരനായ രാകേഷ് കുമാർ സിംഗിന്റെ അഭിഭാഷകൻ വികാസ് സിംഗിനോട് പത്ത് ദിവസത്തിനകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും കമ്മിഷന്റെ നടപടികൾക്കുമെതിരെ ഉയർന്ന ആക്ഷേപങ്ങളിലാണ് ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ ഭാനു പ്രകാശ് യെട്ടുരു വഴി കമ്മിഷൻ സത്യവാങ്മൂലം ഫയൽ ചെയ്തത്. വോട്ടർ രജിസ്ട്രേഷനുള്ള സ്റ്റാറ്റ്യൂട്ടറി ഫോം 6-ൽ അനധികൃത മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർഭാഗ്യകരമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കോടതിയിൽ നൽകിയ സത്യവാങ്മൂലം പോലും മൂന്ന് കമ്മിഷണർമാരും ചേർന്നുള്ള കൂട്ടായ തീരുമാനപ്രകാരമാണ് അംഗീകരിച്ചതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
എന്നാൽ, കഴിഞ്ഞ പത്ത് മാസത്തിനിടയിൽ തങ്ങളുടെ അറിവോ ശുപാർശയോ ഇല്ലാതെ ഇറക്കിയ എസ്.ഐ.ആർ ഉത്തരവുകളിൽ തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ചുരുങ്ങിയത് 14 തവണ രേഖാമൂലം വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ മുൻപ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഹർജിക്കാരുടെ മറുപടി സത്യവാങ്മൂലം കൂടി ലഭിച്ച ശേഷമായിരിക്കും കേസിൽ സുപ്രീം കോടതി തുടർവാദം കേൾക്കുക.

