ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനീസ് കടന്നുകയറ്റം ഉണ്ടായെന്നും അതിർത്തിയിലെ ഇന്ത്യൻ സൈനികർക്ക് അവശ്യസാധനങ്ങൾ പോലും ലഭിക്കുന്നില്ലെന്നും ആരോപിച്ച് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ച വീഡിയോകൾ വ്യാജമെന്ന് വ്യക്തമായതോടെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. വ്യാജ എഐ ഡീപ്ഫേക്ക് (AI Deepfake) വീഡിയോകൾ നിർമ്മിച്ച് ഇന്ത്യൻ സൈന്യത്തിന്റെ ആത്മവീര്യവും പ്രതിച്ഛായയും തകർക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് രാജ്യത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കളുടെ അജണ്ട ഏറ്റെടുത്ത് നടപ്പാക്കുന്ന തരത്തിലുള്ള രാജ്യദ്രോഹപരമായ പ്രവർത്തനമാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അരുണാചൽ അതിർത്തിയിൽ ചൈന കടന്നുകയറിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ പൂർണമായും തള്ളിയ സൈന്യം, അതിർത്തി സുരക്ഷിതമാണെന്നും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകൾ കൃത്രിമമായി നിർമ്മിച്ചതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷയെയും സേനയുടെ മനോവീര്യത്തെയും ബാധിക്കുന്ന വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

