ചെന്നൈ: നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ ഓട്ടോറിക്ഷാ യാത്രാനിരക്കുകൾ കുത്തനെ വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിലുള്ള മിനിമം ചാർജ് 25 രൂപയിൽ നിന്ന് ഇരട്ടിയാക്കി 50 രൂപയായാണ് ഉയർത്തിയത്. ആദ്യത്തെ 1.8 കിലോമീറ്ററിനാണ് 50 രൂപ നൽകേണ്ടത്. തുടർന്നുള്ള ഓരോ അധിക കിലോമീറ്ററിനും 25 രൂപ വീതവും ഈടാക്കും. തമിഴ്നാട് സർക്കാരിന്റെ ഹോം (ട്രാൻസ്പോർട്ട്-1) വകുപ്പാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലാക്കിക്കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
രാത്രികാലങ്ങളിലെയും മലയോര മേഖലകളിലെയും യാത്രയ്ക്ക് പ്രത്യേക ചാർജുകളാണ് നിശ്ചയിച്ചിട്ടുള്ളത്. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയുള്ള സർവീസുകൾക്ക് സാധാരണ മീറ്റർ നിരക്കിന്റെ ഒന്നരയിരട്ടി തുക യാത്രക്കാർ നൽകേണ്ടിവരും. വെയിറ്റിങ് ചാർജ് മിനിറ്റിന് ഒരു രൂപ എന്ന നിരക്കിലാണ് നിജപ്പെടുത്തിയിരിക്കുന്നത്. ചുരം റോഡുകളിലൂടെയുള്ള യാത്രകൾക്ക് സാധാരണ നിരക്കിന്റെ 1.2 ഇരട്ടി അധികമായി നൽകണം. ഇതനുസരിച്ച് മലയോര മേഖലകളിൽ മിനിമം നിരക്ക് 60 രൂപയായും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതമായും നിശ്ചയിച്ചു.
2013 ഓഗസ്റ്റിലായിരുന്നു തമിഴ്നാട്ടിൽ ഇതിനുമുമ്പ് ഓട്ടോറിക്ഷാ നിരക്ക് പുതുക്കിയത്. അന്ന് ആദ്യത്തെ 1.8 കിലോമീറ്ററിന് 25 രൂപ മിനിമം ചാർജും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഇന്ധനവില, ഇൻഷുറൻസ് പ്രീമിയം, സ്പെയർ പാർട്സുകളുടെ വില, വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവുകൾ എന്നിവ ക്രമാതീതമായി ഉയർന്നതോടെ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ നിരന്തര പ്രക്ഷോഭങ്ങൾ നടത്തിവരികയായിരുന്നു. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും താല്പര്യങ്ങൾ സംരക്ഷിച്ച് വർധിച്ചുവരുന്ന ജീവിതച്ചെലവിന് ആനുപാതികമായി നിരക്കുകൾ പരിഷ്കരിക്കാൻ 2022 ഫെബ്രുവരിയിൽ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഡ്രൈവേഴ്സ് യൂണിയനുകളുമായും ഉപഭോക്തൃ സംഘടനകളുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് സർക്കാർ അന്തിമ തീരുമാനമെടുത്തത്

