അബുദാബി: വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചു. ജീവനക്കാരുടെ ധീരതയെ പുരസ്കരിച്ച് യുഎഇയുടെ പരമോന്നത ബഹുമതികളിലൊന്നായ ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II സമ്മാനിക്കുന്ന ചടങ്ങിലാണ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി പ്രസിഡന്റ് നടത്തിയ ഹൃദ്യമായ സംഭാഷണം ശ്രദ്ധേയമായത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ സ്മിത് മച്ചാറോട് പ്രസിഡന്റ് ആരോഗ്യവിവരങ്ങൾ നേരിട്ട് അന്വേഷിക്കുകയും സ്നേഹത്തോടെ ആലിംഗനം ചെയ്യുകയും ചെയ്തു. രണ്ടുമാസത്തിനുള്ളിൽ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുമെന്ന് മച്ചാർ അറിയിച്ചപ്പോൾ, സുഖം പ്രാപിച്ച ശേഷം എങ്ങനെ പോരാടണമെന്ന് പരിശീലിപ്പിക്കാമെന്ന് പ്രസിഡന്റ് തമാശയായി പറഞ്ഞതും തലയിലെ തുന്നലുകൾ അടുത്ത് നിന്ന് പരിശോധിച്ചതും വേദിയിലുള്ളവരുടെ മനംകവർന്നു. പ്രസിഡന്റിന്റെ വാക്കുകൾ തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് പൈലറ്റ് പ്രതികരിച്ചു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് FZ1073 വിമാനത്തിൽ വെച്ചാണ് ഒമാൻ പൗരനായ സഹപൈലറ്റ് കോക്ക്പിറ്റിൽ വെച്ച് കോടാലി ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറെ ആക്രമിച്ചത്. ആക്രമണത്തിനിടയിൽ നിയന്ത്രണം വിട്ട വിമാനം വെറും 30 സെക്കൻഡിനുള്ളിൽ ഏകദേശം 14,000 അടി താഴേക്ക് പതിച്ചു. എന്നാൽ, ചോരയൊലിക്കുന്ന അവസ്ഥയിലും അസാധാരണമായ ധൈര്യത്തോടെ മച്ചാർ കോക്ക്പിറ്റ് വാതിൽ തുറന്നുനൽകുകയും തുടർന്ന് മറ്റ് ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയുമായിരുന്നു. ഇസ്രായേലിൽ ഇറക്കിയ വിമാനത്തിൽ നിന്ന് അക്രമിയെ അവിടുത്തെ അധികൃതർ കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പരിക്കേറ്റ സ്മിത് മച്ചാറെ ആദ്യം തബൂക്കിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്കും മാറ്റിയിരുന്നു. ആശുപത്രിയിൽ കഴിയവെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ദേഹത്തെ നേരിട്ടെത്തി സന്ദർശിച്ചിരുന്നു. അത്യന്തം അപകടകരമായ സാഹചര്യത്തിലും ജീവനക്കാർ പ്രകടിപ്പിച്ച ധീരതയെയും പ്രൊഫഷണലിസത്തെയും യുഎഇ നേതൃത്വം അഭിനന്ദിച്ചു.

