ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ വിലപേശി വാങ്ങാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുവെന്ന മാധ്യമ വാർത്തകളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കമ്മിഷൻ അംഗം ടി.സി. ജലജമോളാണ് വിഷയത്തിൽ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് എന്നിവരോട് കമ്മിഷൻ അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു.
ആശുപത്രിയിൽ പ്രസവത്തിനെത്തുന്ന അവിവാഹിതരായ അമ്മമാരെ സമീപിച്ച് കുഞ്ഞുങ്ങളെ പണം നൽകി വാങ്ങുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും, കുഞ്ഞിനെ വിൽക്കാനുണ്ടോ എന്ന് ചോദിച്ച് സംഘം തന്നെയും സമീപിച്ചിട്ടുണ്ടെന്നും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അമ്മമാരിൽ നിന്ന് തുച്ഛമായ തുകയ്ക്ക് കുഞ്ഞുങ്ങളെ കൈക്കലാക്കി മറ്റ് കേന്ദ്രങ്ങളിൽ ലക്ഷങ്ങൾക്ക് മറിച്ചുവിൽക്കുന്ന വൻ മാഫിയ ഇതിന് പിന്നിലുണ്ടെന്നാണ് ഭാരവാഹിയുടെ വെളിപ്പെടുത്തൽ. കുട്ടികളെ കടത്തുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ അന്വേഷണവും നിയമനടപടിയും ഉറപ്പാക്കാനാണ് ബാലാവകാശ കമ്മിഷന്റെ നീക്കം.

