ബ്രിസ്‌ബേൻ പബ്ബ് വെടിവെപ്പ്; തലയ്ക്ക് വെടിയേറ്റ പത്തൊൻപതുകാരി മരണത്തിന് കീഴടങ്ങി

ബ്രിസ്‌ബേൻ: തെക്കൻ ബ്രിസ്‌ബേനിലെ പബ്ബിന് മുന്നിൽ നടന്ന വെടിവെപ്പിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊൻപതുകാരി മരണത്തിന് കീഴടങ്ങി. ജിംബൂംബ സ്വദേശിയായ വാന-റീസ് ഷൂസ്റ്റർ-ടോഗിയാറ്റൗ (19) ആണ് വ്യാഴാഴ്ച രാവിലെ പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിൽ ജീവൻ വെടിഞ്ഞത്. പെൺകുട്ടിയുടെ മരണത്തോടെ കേസ് കൊലപാതക അന്വേഷണമായി മാറ്റിയതായി പോലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി ലോഗൻഹോമിലെ ഫിറ്റ്സിസ് പബ്ബിൽ ബോക്സിങ് മത്സരം നടക്കവെ പുറത്തുണ്ടായിരുന്ന ആൾക്കൂട്ടത്തിന് നേരെ കാറിലെത്തിയ മുഖംമൂടിധാരികൾ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം എത്തിയ നിരപരാധിയായ പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനും വെടിയേൽക്കുകയായിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ മറ്റ് മൂന്ന് പുരുഷന്മാരിൽ (27, 37, 38 വയസ്സ്) രണ്ടുപേർ ആശുപത്രി വിട്ടു; ഒരാൾ ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചുവരികയാണ്.

സംഭവത്തിൽ ക്വീൻസ്‌ലൻഡ് പോലീസിലെ എൺപതോളം ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അധോലോക-ഗുണ്ടാ സംഘങ്ങൾക്കോ സംഘടിത കുറ്റകൃത്യ ശൃംഖലകൾക്കോ ആക്രമണത്തിൽ പങ്കുണ്ടോയെന്ന സാധ്യതകൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുംവരെ അന്വേഷണം തുടരുമെന്ന് അറിയിച്ച പോലീസ്, വിവരങ്ങൾ അറിയാവുന്നവർ ഭയപ്പെടാതെ മുന്നോട്ട് വരണമെന്നും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *