തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെക്കാലം സന്ദർശകരുടെ പ്രധാന ആകർഷണമായിരുന്ന തിരുവനന്തപുരം മൃഗശാലയിലെ അവസാനത്തെ കാണ്ടാമൃഗം ‘ശംഭു’ ചരിഞ്ഞു. 39 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണം.
ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗമായ ശംഭു ഒക്ടോബർ 30 വെള്ളിയാഴ്ച രാത്രിയാണ് ചരിഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1993 മേയ് 19-ന് അസമിലെ ഗുവാഹത്തിയിലുള്ള സ്റ്റേറ്റ് സുവോളജിക്കൽ പാർക്കിൽ നിന്നാണ് ശംഭുവിനെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. 33 വർഷത്തോളമാണ് ശംഭു മൃഗശാലയിലെ സന്ദർശകരുടെ പ്രിയപ്പെട്ട കാഴ്ചയായി തുടർന്നത്.
2008-ൽ മറ്റൊരു കാണ്ടാമൃഗം കൂടി ചരിഞ്ഞതോടെ ശംഭു മൃഗശാലയിലെ ഏക കാണ്ടാമൃഗമായി മാറുകയായിരുന്നു. ശംഭുവിന്റെ വിയോഗത്തോടെ തിരുവനന്തപുരം മൃഗശാലയിൽ ഇനി കാണ്ടാമൃഗങ്ങളൊന്നും അവശേഷിക്കുന്നില്ല.
മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ പാത്തോളജിസ്റ്റ് ഡോ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ശനിയാഴ്ച വൈകിട്ട് മൃഗശാലാ വളപ്പിൽ തന്നെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. തലമുറകളുടെ കൗതുകവും സ്നേഹവും ഏറ്റുവാങ്ങിയ ശംഭുവിന്റെ വേർപാട് തിരുവനന്തപുരം മൃഗശാലയ്ക്ക് തീരാനഷ്ടമാണ്.

