ദേശീയപാതയിലെ അപകടങ്ങൾ തടയാൻ എ.ഐ. നിരീക്ഷണം; റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും

മലപ്പുറം: ദേശീയപാതയിലെ റോഡപകടങ്ങൾ തടയുന്നതിനായി നിലവിലുള്ള ക്യാമറ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കാനും കൃത്രിമബുദ്ധി (എ.ഐ.) അധിഷ്ഠിത ഡിജിറ്റൽ പരിശോധനാ സംവിധാനം നടപ്പാക്കാനും നടപടി സ്വീകരിക്കും. ഇതിനായുള്ള റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കും. ദേശീയപാതയിലെ ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയപാതയിലെ വിവിധ പ്രശ്നങ്ങൾ വിശദമായി വിലയിരുത്തുകയും മുൻ യോഗങ്ങളിലെ തീരുമാനങ്ങളുടെ പുരോഗതി പരിശോധിക്കുകയും ചെയ്തു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 14 നിർദേശങ്ങൾക്ക് യോഗം അംഗീകാരം നൽകി.

ദേശീയപാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾക്ക് സുരക്ഷിതമായ പാർക്കിങ് സൗകര്യം ഒരുക്കുന്നതിനായി കണ്ടെത്തിയ സ്ഥലങ്ങളിലെ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. വെട്ടിച്ചിറ ടോൾ പ്ലാസയ്ക്ക് സമീപവും ആവശ്യമായ പാർക്കിങ് സൗകര്യം ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *