കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും കിരീടം നേടി മലപ്പുറം. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും ഉൾപ്പെടെ 204.3 പോയിന്റ് നേടിയാണ് ജില്ലയുടെ നേട്ടം. പാലക്കാടിനെ 42.8 പോയിന്റിന് പിന്നിലാക്കിയാണ് മലപ്പുറം കിരീടം നിലനിർത്തിയത്.
14 സ്വർണവും 18 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 161.5 പോയിന്റ് നേടിയ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. 10 സ്വർണവും ഒമ്പത് വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 109 പോയിന്റ് നേടിയ ആലപ്പുഴ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
മലപ്പുറത്തിന്റെ കിരീടനേട്ടത്തിൽ കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്, ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളുകൾ നിർണായക പങ്കുവഹിച്ചു. 75.3 പോയിന്റ് നേടിയ ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം വർഷവും സ്കൂൾ ചാമ്പ്യന്മാരായി. പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂരും ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസും 34 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു.
അതേസമയം, സംസ്ഥാന സ്കൂൾ കായികമേളയുടെ ഓവറോൾ കിരീടം തിരുവനന്തപുരം ജില്ല സ്വന്തമാക്കി. 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വർണക്കപ്പ് ഉയർത്തിയത്. ഗെയിംസ്, അക്വാട്ടിക്സ് വിഭാഗങ്ങളിലെ മികച്ച പ്രകടനമാണ് ജില്ലയ്ക്ക് നേട്ടമായത്.
ഗെയിംസിൽ 1310 പോയിന്റും അക്വാട്ടിക്സിൽ 606 പോയിന്റും തിരുവനന്തപുരം നേടി. ഗെയിംസിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 796 പോയിന്റുമായി തൃശൂർ മൂന്നാമതായി. അക്വാട്ടിക്സിൽ 160 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 120 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനവും നേടി.
കേരള സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ നിരവധി വ്യക്തിഗത നേട്ടങ്ങളും റെക്കോഡുകളും പിറന്നു. ജൂനിയർ ബോയ്സ് 400 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കരിക്കൻ 52.44 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മീറ്റ് റെക്കോഡ് തിരുത്തി. സീനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴയുടെ അനാമിക അജേഷ് 13.69 സെക്കൻഡിൽ പുതിയ റെക്കോഡ് സ്ഥാപിച്ചു.

