മൂവാറ്റുപുഴ: ലഹരിക്കെതിരെ ശക്തമായ പ്രതിരോധവും സന്ദേശവുമുയർത്തി മൂവാറ്റുപുഴ നഗരത്തിൽ ‘മൂവാറ്റുപുഴ 360° തൂഫാൻ മിനി മാരത്തോൺ 2026’ സംഘടിപ്പിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെ ‘തൂഫാൻ’ പദ്ധതിയുടെയും പിന്തുണയോടെ സംഘടിപ്പിച്ച മാരത്തണിൽ ആയിരത്തിലധികം പേർ അണിനിരന്നു. നഗരസഭ, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ നടന്ന പരിപാടി ചലച്ചിത്ര താരം ആസിഫ് അലി ഫ്ലാഗ് ഓഫ് ചെയ്തു.
ഒരേ നിറത്തിലുള്ള ജേഴ്സിയണിഞ്ഞ് യുവജനങ്ങളും മുതിർന്നവരുമടക്കം വൻ ജനാവലിയാണ് ലഹരിവിരുദ്ധ സന്ദേശവുമായി നിരത്തിലിറങ്ങിയത്. ജനപ്രതിനിധികളായ ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ. എന്നിവർ മാരത്തണിന്റെ മുഴുവൻ ദൂരവും ഓടി പങ്കാളികളായത് ശ്രദ്ധേയമായി. ലഹരിക്കെതിരെ ബോധവൽക്കരണം ശക്തമാക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കായികരംഗത്തേക്ക് യുവതലമുറയെയും പൊതുസമൂഹത്തെയും ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി ഒരുക്കിയത്. മാരത്തണിന് മുന്നോടിയായി ഊർജ്ജം പകരാൻ സുംബ, വാംഅപ്പ് സെഷനുകളും ഫ്ലാഷ് മോബും അരങ്ങേറി.
മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മിനി മാരത്തൺ ചാലിക്കടവ് ബിസ്മി പാർക്കിംഗ് ഗ്രൗണ്ടിലാണ് സമാപിച്ചത്. മാരത്തണിന്റെ വിജയകരമായ തുടർച്ചയായി നഗരസഭയുടെ ജനകീയ ഇടപെടൽ പദ്ധതിയായ ‘വാക്ക് വിത്ത് നഗരസഭ’ നടപ്പിലാക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.
സമാപന സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി, വൈസ് ചെയർപേഴ്സൺ പി.എം. അബ്ദുൽ സലാം, അസം ബീഗം, ജിനു മടേക്കൽ, സാബു ജോൺ, കൺവീനർമാരായ മുഹമ്മദ് ചെറുകപ്പള്ളി, ഷിത റാണി തോമസ്, ജനറൽ കൺവീനർ ഷാജി പാലത്തിങ്കൽ, അബ്ദുൽ സലാം എന്നിവരും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

