ന്യൂഡൽഹി: മംഗളൂരു–ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ സർവീസ് യശ്വന്ത്പുരിലേക്ക് ദീർഘിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഒക്ടോബർ 30ന് പുറത്തിറക്കി. ഇതോടെ നിലവിലെ മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് സർവീസ് അവസാനിപ്പിച്ച് യശ്വന്ത്പുര്‍–മഡ്ഗാവ് റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കും.
യാത്രക്കാരുടെ എണ്ണം കുറവായതാണ് നിലവിലെ സർവീസിൽ മാറ്റം വരുത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ 30 മുതൽ 40 ശതമാനം വരെ യാത്രക്കാർ മാത്രമാണ് ട്രെയിനിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. സർവീസ് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിനായി ബെംഗളൂരുവുമായി ബന്ധിപ്പിക്കാനാണ് റെയിൽവേ തീരുമാനിച്ചത്.
പുതിയ സർവീസ് 26655, 26656 എന്നീ നമ്പറുകളിലായിരിക്കും. യശ്വന്ത്പുരിൽനിന്ന് രാവിലെ 7.35ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.55ന് മഡ്ഗാവിലെത്തും. മടക്കയാത്രയിൽ മഡ്ഗാവിൽനിന്ന് രാവിലെ 8.20ന് പുറപ്പെട്ട് രാത്രി 9.15ന് യശ്വന്ത്പുരിലെത്തും. ആഴ്ചയിൽ ആറു ദിവസമായിരിക്കും സർവീസ്. യശ്വന്ത്പുരിൽനിന്നുള്ള സർവീസ് ബുധനാഴ്ചയും മഡ്ഗാവിൽനിന്നുള്ള സർവീസ് വ്യാഴാഴ്ചയും ഉണ്ടായിരിക്കില്ല.
ശ്രാവണബെളഗോള, ഹാസൻ, സകലേശ്പുര, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, മംഗളൂരു ജങ്ഷൻ, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ് (ബൈന്ദൂർ), മുരുഡേശ്വർ, ഗോകർണ റോഡ്, കാർവാർ എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ. യശ്വന്ത്പുര്‍–മഡ്ഗാവ് യാത്രയ്ക്ക് ഏകദേശം 13 മണിക്കൂർ 20 മിനിറ്റും മടക്കയാത്രയ്ക്ക് 12 മണിക്കൂർ 55 മിനിറ്റും വേണ്ടിവരും.
വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ, കെ. സുധാകരൻ, സുരേഷ് ഗോപി തുടങ്ങിയ ജനപ്രതിനിധികൾ റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. വടക്കൻ കേരളത്തിലെ യാത്രക്കാർക്കും വിനോദസഞ്ചാര മേഖലയ്ക്കും ഈ നീക്കം ഗുണകരമാകുമെന്നായിരുന്നു ആവശ്യം. എന്നാൽ റെയിൽവേയുടെ പുതിയ തീരുമാനത്തിൽ കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
പുതിയ സർവീസ് ആരംഭിക്കുന്ന തീയതിയും ടിക്കറ്റ് നിരക്കും റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല. പുതിയ സർവീസ് നിലവിൽ വരുന്നതോടെ മംഗളൂരു–മഡ്ഗാവ് റൂട്ടിലെ പഴയ വന്ദേഭാരത് സർവീസ് നിർത്തലാക്കും.

