വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി ചരക്കുകപ്പൽ; ചൈനയിൽനിന്ന് നിർമാണ സാമഗ്രികളെത്തി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നർ എത്തി. ചൈനയിലെ നിങ്ബോയിൽനിന്ന് എംഎസ്‌സി സബ്രീന III കപ്പലിലാണ് ചരക്കുകണ്ടെയ്നർ എത്തിച്ചത്. ഇതോടെ ട്രാൻസ്ഷിപ്മെന്റ് പ്രവർത്തനങ്ങൾക്കപ്പുറം കേരളത്തിലേക്കുള്ള ചരക്കുകൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രധാന കവാടമായി വിഴിഞ്ഞം മാറുന്നതിന്റെ പുതിയ ഘട്ടത്തിന് തുടക്കമായി.

തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്ഥാപനമായ ബിഎസ്ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡ്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് ചരക്ക് ബുക്ക് ചെയ്തത്. തിരുവനന്തപുരത്തെ ആൾട്ടയർ ഗ്രൂപ്പിനുവേണ്ടിയുള്ളതാണ് കണ്ടെയ്നർ. പരമ്പരാഗത പ്ലൈവുഡിന് പകരമായി നിർമാണമേഖലയിൽ ഉപയോഗിക്കുന്ന എൻജിനീയേർഡ് ബിൽഡിങ് ബോർഡുകളാണ് ചരക്കിലുള്ളത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ് ആദ്യ ഇറക്കുമതി കണ്ടെയ്നർ വഹിച്ച ട്രക്ക് ഫ്ലാഗ് ഓഫ് ചെയ്തു. ഒക്ടോബർ 31 ശനിയാഴ്ചയായിരുന്നു ചടങ്ങ്.

പുതിയ സംവിധാനത്തിലൂടെ ഇറക്കുമതി ചരക്കുകൾ വിഴിഞ്ഞത്ത് നേരിട്ട് ഇറക്കാനും കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി കേരളത്തിലെ വിവിധ വിപണികളിലേക്ക് എത്തിക്കാനും കഴിയും. ഇതോടെ മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം കുറയുകയും ചരക്കുനീക്കത്തിനുള്ള സമയവും ചെലവും ലാഭിക്കാനാകുകയും ചെയ്യുമെന്നാണ് തുറമുഖ അധികൃതരുടെ വിലയിരുത്തൽ.

ചരക്കുനീക്കം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽനിന്നുള്ള വരുമാനം സംസ്ഥാനത്തിനുള്ളിൽ നിലനിർത്താനും പുതിയ സംവിധാനം സഹായിക്കും. കസ്റ്റംസ് ക്ലിയറിങ്, ചരക്ക് കൈമാറ്റം, ഗതാഗതം, വെയർഹൗസിങ്, തുറമുഖ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്.

ട്രാൻസ്ഷിപ്മെന്റ് തുറമുഖമെന്ന നിലയിൽനിന്ന് കേരളത്തിലെ ഇറക്കുമതിക്കാർക്ക് നേരിട്ട് സേവനം നൽകുന്ന തുറമുഖമെന്ന നിലയിലേക്കുള്ള വിഴിഞ്ഞത്തിന്റെ വളർച്ചയിലെ പ്രധാന ചുവടുവയ്പായാണ് ആദ്യ ഇറക്കുമതി ചരക്കിന്റെ വരവിനെ അധികൃതർ വിലയിരുത്തുന്നത്. നേരത്തെ ഏതാനും കയറ്റുമതി കണ്ടെയ്നറുകളും വിഴിഞ്ഞം വഴി കൈമാറിയിട്ടുണ്ട്.

ഓഗസ്റ്റിലാണ് വിഴിഞ്ഞം തുറമുഖത്ത് നേരിട്ടുള്ള കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമായത്. യൂറോപ്പിലേക്കുള്ള ആദ്യ കയറ്റുമതി ചരക്കുകൾ അന്ന് അയച്ചിരുന്നു. ആദ്യ ഇറക്കുമതി കണ്ടെയ്നർ എത്തിയതോടെ സംസ്ഥാനത്തിന്റെ സമുദ്രവ്യാപാര രംഗത്ത് തുറമുഖത്തിന്റെ പങ്ക് കൂടുതൽ വിപുലമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *