തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി കേരളീയരുടെയും നാട്ടിൽ തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുള്ളവരും വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാത്തതുമായ പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്.
2026-27 അധ്യയന വർഷത്തിൽ റെഗുലറായി ബിരുദാനന്തര ബിരുദ (പി.ജി) കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭ്യമാക്കുക. വിദ്യാർഥികൾ പഠിക്കുന്ന കോഴ്സിന് ആവശ്യമായ നിശ്ചിത യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം. കൂടാതെ പഠനം നടത്തുന്ന കോഴ്സ് കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചതും പഠനകേന്ദ്രം അംഗീകൃത വിദ്യാഭ്യാസ സ്ഥാപനവുമായിരിക്കേണ്ടതുമാണ്.
യോഗ്യതയുള്ള വിദ്യാർഥികൾക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക സ്കോളർഷിപ്പ് പോർട്ടലായ www.scholarship.norkaroots.org സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്

