പെരിങ്ങമ്മല: രോഗികൾക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ മടത്തറയിൽ നിർമിച്ച സിദ്ധ ആശുപത്രിയുടെ പുതിയ കെട്ടിട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗം വന്നശേഷമുള്ള ചികിത്സയ്ക്കൊപ്പം തന്നെ രോഗപ്രതിരോധത്തിനും പകർച്ചവ്യാധി നിയന്ത്രണത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് മന്ത്രി നിർദേശിച്ചു. മാലിന്യസംസ്കരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണ്. ജലവിഭവം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ തമ്മിലുള്ള കൃത്യമായ ഏകോപനം ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണെന്നും കുട്ടികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിവാസി മേഖലകളിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക പരിഗണന നൽകുമെന്ന് ഉറപ്പുനൽകിയ മന്ത്രി, എല്ലാവിധ മികച്ച ചികിത്സാസൗകര്യങ്ങളും സർക്കാർ ആശുപത്രികളിൽ ഒരുക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി. ആയുർവേദം, ഹോമിയോപ്പതി, സിദ്ധ ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാരീതികൾക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ആയുഷ് മേഖലയിലെ ചികിത്സാസംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തെറാപ്പിസ്റ്റുകളുടെ നിയമനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച വാമനപുരം എം.എൽ.എ സുധീർഷാ പാലോട്, മണ്ഡലത്തിലെ ആരോഗ്യരംഗത്തിന് ആരോഗ്യവകുപ്പും മന്ത്രിയും മികച്ച പിന്തുണയാണ് നൽകുന്നതെന്ന് പറഞ്ഞു. വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തെ തിരുവനന്തപുരത്തെ നിർദിഷ്ട രണ്ടാമത്തെ മെഡിക്കൽ കോളേജിന്റെ സബ് സെന്ററായി തിരഞ്ഞെടുത്തത് ഇതിന്റെ ഭാഗമാണ്. മലയോര മേഖലയിലെ സാധാരണക്കാരും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളും കൂടുതലായി അധിവസിക്കുന്ന പ്രദേശമായ വാമനപുരത്തിന്റെ ആരോഗ്യാവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചതിന് അദ്ദേഹം നന്ദി അറിയിച്ചു.
പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എൻ. അരുൺകുമാർ, വൈസ് പ്രസിഡന്റ് നസീമ ഇല്യാസ്, മെഡിക്കൽ ഓഫീസർ ഡോ. അഭിൽ മോഹൻ, മറ്റ് ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

