കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി. ചൈനയിലെ നിങ്ബോയിൽ നിന്ന് ‘എം.എസ്.സി സബ്രിന 111’ എന്ന കപ്പലിൽ എത്തിയ കണ്ടെയ്നറിന് അഡ്വ. എം. വിൻസന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം നൽകി. പോർട്ട് വാർഡ് കൗൺസിലർ ജെ. പനിയടിമ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, അഡീഷണൽ കസ്റ്റംസ് കമ്മീഷണർ, അസിസ്റ്റന്റ് കസ്റ്റംസ് കമ്മീഷണർ, എഫ്.ആർ.ആർ.ഒ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സ്വീകരണ ചടങ്ങ് നടന്നത്.

തിരുവനന്തപുരത്തെ ആൾടെയർ ഗ്രൂപ്പിനുവേണ്ടി നഗരത്തിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബി.എസ്.2.ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡ്‌ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ടെയ്നർ ബുക്ക് ചെയ്തത്. പരമ്പരാഗത പ്ലൈവുഡിന് പകരമായി നിർമാണമേഖലയിൽ ഉപയോഗിക്കുന്ന എൻജിനീയേർഡ് ബിൽഡിങ് ബോർഡുകളാണ് ഈ കണ്ടെയ്നറിലുള്ളത്. വിഴിഞ്ഞത്ത് ഇറക്കുമതി സൗകര്യം ആരംഭിച്ചതോടെ സംസ്ഥാനത്തെ വ്യാപാരികൾക്കും വ്യവസായികൾക്കും ചരക്കുകൾ ഇനി നേരിട്ട് ഇവിടെയെത്തിച്ച് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി വിപണികളിലേക്ക് എത്തിക്കാൻ സാധിക്കും.

മറ്റ് തുറമുഖങ്ങളെ ആശ്രയിച്ച് ചരക്കുകൾ എത്തിക്കേണ്ടിവരുന്ന സാഹചര്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ചരക്കുനീക്കത്തിലെ സമയവും ചെലവും ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം ചരക്ക് കൈകാര്യം ചെയ്യൽ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽനിന്നുള്ള വരുമാനം സംസ്ഥാനത്ത് തന്നെ നിലനിർത്താനും ഇത് സഹായിക്കും. കൂടാതെ, കസ്റ്റംസ് ബ്രോക്കർമാർ, ഫ്രൈറ്റ് ഫോർവേഡർമാർ, ട്രാൻസ്പോർട്ടർമാർ, വെയർഹൗസ് നടത്തിപ്പുകാർ, തുറമുഖ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കേവലം ട്രാൻസ്ഷിപ്മെന്റ് കേന്ദ്രം എന്നതിനപ്പുറം സംസ്ഥാനത്തെ ഇറക്കുമതിക്കാർക്ക് നേരിട്ട് സേവനം നൽകുന്ന വികസന കവാടമെന്ന നിലയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.

വിഴിഞ്ഞം തുറമുഖവും സംസ്ഥാനവും കൈവരിച്ച അഭിമാനകരമായ നേട്ടമാണിതെന്ന് സ്വീകരണ ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ മുഖ്യമന്ത്രി ഗേറ്റ്‌വേ ട്രാഫിക് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ മൂന്ന് മാസത്തിനുള്ളിൽ തന്നെ ഇറക്കുമതി പ്രവർത്തനങ്ങൾക്കും തുടക്കമിടാനായത് വലിയ നേട്ടമാണ്. കയറ്റുമതിയും ഇറക്കുമതിയും ഒരുപോലെ ശക്തിപ്പെടുമ്പോഴാണ് നാടിന്റെ വികസനസ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചരക്കുകൾ വിഴിഞ്ഞത്തെത്തിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവ നേരിട്ട് ഇവിടെ ഇറക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ വികസന കവാടമായി വിഴിഞ്ഞം മാറും. കണ്ടെയ്നർ നീക്കവും ഇൻലാൻഡ് ചരക്കുഗതാഗതവും സജീവമാകുന്നതോടെ ലോജിസ്റ്റിക്സ് കമ്പനികളുടെ വരവും അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയും സാധ്യമാകും. വിഴിഞ്ഞത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ സംരംഭകർ മുന്നോട്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച എം.എൽ.എ, ആദ്യ ഇറക്കുമതി കണ്ടെയ്നർ എത്തിക്കാൻ മുൻകൈയെടുത്ത യുവസംരംഭകരുടെ പരിശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *