സാധാരണക്കാർക്ക് വലിയ ആശ്വാസം: സങ്കീർണ അസ്ഥിശസ്ത്രക്രിയകൾ ഇനി പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലും ലഭ്യമാകും

തിരുവനന്തപുരം: മുട്ട്, ഇടുപ്പ് സന്ധികൾ മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള സങ്കീർണമായ അസ്ഥിരോഗ ശസ്ത്രക്രിയകൾ ഇനി പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലും സാധ്യമാകും. അത്യാധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കി സാധാരണക്കാർക്ക് ആശ്വാസമേകുന്ന പദ്ധതിയുടെ ഭാഗമായി ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയകൾ, സങ്കീർണമായ എല്ലുപൊട്ടലുകൾക്കുള്ള ചികിത്സ, താക്കോൽദ്വാര ശസ്ത്രക്രിയയായ ആർത്രോസ്കോപ്പി എന്നിവ ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പത്തോളം വിജയകരമായ സങ്കീർണ ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്.

മെഡിക്കൽ കോളേജുകൾക്ക് സമാനമായ അത്യാധുനിക ചികിത്സാ സംവിധാനങ്ങളൊരുക്കി താഴേത്തട്ടിലുള്ള ആശുപത്രികളെ ശാക്തീകരിക്കുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം കൂടുതൽ ഫലപ്രദമായി ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ ജില്ലയിൽ സർക്കാർ മേഖലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ഈ സൗകര്യങ്ങൾ പേരൂർക്കടയിലും എത്തുന്നതോടെ മെഡിക്കൽ കോളേജിലെ അമിത തിരക്കും രോഗികളുടെ നീണ്ട കാത്തിരിപ്പും ഒഴിവാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ഇത്തരം സങ്കീർണ ശസ്ത്രക്രിയകൾ സർക്കാർ ആശുപത്രി വഴി വളരെ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ലഭ്യമാക്കുന്നത് വലിയ ആശ്വാസമാണെന്ന് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്ന ഓർത്തോപീഡിക് സർജൻ ഡോ. വിവേക് മാത്യു പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), മെഡിസെപ് (MEDISEP) എന്നിവയുടെ ഗുണഭോക്താക്കൾക്കും ഈ ചികിത്സാ ആനുകൂല്യം പൂർണമായും പ്രയോജനപ്പെടുത്താം. ആശുപത്രി സൂപ്രണ്ട് ഡോ. അനു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബിന്ദു, ആർ.എം.ഒ. ഡോ. അനിൽ രാധാകൃഷ്ണൻ, ഓർത്തോപീഡിക് വിഭാഗത്തിലെ ഡോ. വിനോദ് വി. എസ്., അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ആരതി, ഡോ. വിനായക് എന്നിവരുടെയും നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനമാണ് ആശുപത്രിയുടെ ഈ നേട്ടത്തിന് പിന്നിൽ.

അസ്ഥിരോഗ ചികിത്സാ വിഭാഗം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നട്ടെല്ല് സംബന്ധമായ സങ്കീർണ ശസ്ത്രക്രിയകളും ഉടൻ ഇവിടെ ആരംഭിക്കാനുള്ള പ്രാഥമിക ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ആവശ്യമായ അനുബന്ധ ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതോടെ ഇത് യാഥാർഥ്യമാകും. നിലവിൽ ജില്ലയിലെ സർക്കാർ മേഖലയിൽ മെഡിക്കൽ കോളേജിൽ മാത്രം ലഭ്യമായിട്ടുള്ള നട്ടെല്ല് ശസ്ത്രക്രിയകൾ പേരൂർക്കടയിലും എത്തുന്നതോടെ സാധാരണക്കാരായ രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാൻ സാധിക്കും. കഠിനമായ വേദന കാരണം നടക്കാൻ ബുദ്ധിമുട്ടുകയും മരുന്നുകൾ ഫലിക്കാതെ വരികയും ചെയ്തതിനെ തുടർന്ന് ഇവിടെയെത്തി മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പാറശാല സ്വദേശി മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ള രോഗികൾ മികച്ച പരിചരണമാണ് ലഭിച്ചതെന്നും നാലാം ദിവസം വാക്കറില്ലാതെ നടക്കാൻ കഴിഞ്ഞെന്നും സാക്ഷ്യപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *