ഇൻസ്റ്റാഗ്രാം വഴി പ്രണയക്കെണി; ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും പീഡിപ്പിച്ച പോക്‌സോ കേസ് പ്രതി പിടിയിൽ

അഞ്ചൽ: പോക്‌സോ കേസിലെ അതിജീവിതയായ പതിനഞ്ചുകാരിയെ ജാമ്യത്തിലിറങ്ങി വീണ്ടും പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തഞ്ചുകാരൻ അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി റിയാസുദ്ദീനെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്. 2024-ൽ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി അഞ്ചൽ സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് ഇയാൾ നേരത്തെ അറസ്റ്റിലായത്.

ആദ്യ കേസിൽ ഇരുപത് മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രതി, പെൺകുട്ടിയുമായി വീണ്ടും അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ പലതവണ കുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ ദിവസം പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് അഞ്ചൽ പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ നിലമ്പൂരിലെ പ്രതിയുടെ വീടിനു സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ പെൺകുട്ടി എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

തുടർന്ന് അഞ്ചൽ പോലീസ് അവിടെയെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവരികയും, കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് വീണ്ടും ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഞ്ചൽ സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നിലമ്പൂരിലെ വീട്ടിലെത്തിയാണ് റിയാസുദ്ദീനെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *