ടെഹ്റാൻ: ഇറാൻ മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ അമേരിക്ക അംഗീകരിക്കുന്നതുവരെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനോ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനോ തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ വാഷിംഗ്ടണിന് കൈമാറിയിട്ടുണ്ടെന്നും ഇതിന്മേൽ അമേരിക്കയുടെ ഔദ്യോഗിക മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് അറിയിച്ചു.
അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇറാന്റെ ഈ കടുത്ത നിലപാട്. ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധം അവസാനിപ്പിക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ലെബനൻ ഉൾപ്പെടെയുള്ള മേഖലാ മുന്നണികളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളതെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്ക ഈ ഉപാധികൾ അംഗീകരിച്ചാൽ ആറാം ദിവസം ഹോർമുസ് കടലിടുക്ക് വാണിജ്യ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും തൊട്ടടുത്ത ദിവസം അന്തിമ കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുമെന്നുമാണ് ഇറാന്റെ നിർദ്ദേശം. അതേസമയം, ഇറാനെതിരെ വീണ്ടും സൈനിക നടപടിക്ക് മുതിരരുതെന്ന് പാർലമെന്റ് സ്പീക്കർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകി.

