പ്രധാനമന്ത്രിയുടെ കുടുംബത്തിന് തുണയായി മലയാളി നഴ്‌സ്; പാർലമെന്റിൽ ഗീതു ലൂയിസിന് നന്ദി പറഞ്ഞ് മാൾട്ട പ്രധാനമന്ത്രി

തൃശൂർ: മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേല തന്റെ കുടുംബാംഗങ്ങളുടെ ചികിത്സയിലും പരിചരണത്തിലും നിർണായക പങ്കുവഹിച്ച മലയാളി നഴ്‌സ് ഗീതു ലൂയിസിന് പാർലമെന്റിൽ നന്ദി അറിയിച്ചു. മാൾട്ടയുടെ ബജറ്റ് പ്രസംഗത്തിനിടെയാണ് തൃശൂർ ചാലക്കുടി മേലൂർ സ്വദേശിനിയായ ഗീതുവിന്റെ സേവനങ്ങളെ പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചത്.

മാതാപിതാക്കൾക്ക് അസുഖം ബാധിച്ചപ്പോഴും മകൾക്ക് പരിചരണം ആവശ്യമായി വന്നപ്പോഴും സഹായത്തിനെത്തിയത് ഇന്ത്യയിൽ നിന്നുള്ള ഗീതു എന്ന നഴ്‌സാണെന്നും അവരുടെ സമർപ്പണത്തിനും സേവനത്തിനും കുടുംബം കടപ്പെട്ടിരിക്കുന്നുവെന്നും റോബർട്ട് അബേല പറഞ്ഞു. മാൾട്ടയുടെ സാമ്പത്തിക, സാമൂഹിക വളർച്ചയിൽ വിദേശ തൊഴിലാളികൾ വഹിക്കുന്ന പങ്ക് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഗീതുവിന്റെ അനുഭവം പങ്കുവച്ചത്.

ചാലക്കുടി മേലൂർ പയ്യപ്പിള്ളി വീട്ടിൽ ഗീതു ലൂയിസിന് 35 വയസാണ്. നാട്ടിൽ ഓപ്പറേഷൻ തിയറ്റർ നഴ്‌സായി ജോലി ചെയ്തിരുന്ന ഗീതു 2018-ലാണ് മാൾട്ടയിലെത്തിയത്. കോവിഡ് മഹാമാരിക്കാലത്ത് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പരിശോധനാ ചുമതല ഏറ്റെടുത്തതോടെയാണ് ഗീതുവിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സ്രവപരിശോധനാ കേന്ദ്രങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും നഴ്‌സിങ് സംഘങ്ങളെ നയിച്ചു.

മാൾട്ടയിലെ 32 ആശുപത്രികളിലായി മുന്നൂറോളം ജീവനക്കാരുടെ കോവിഡ് പരിശോധനാ പ്രവർത്തനങ്ങളുടെ ചുമതലയും ഗീതുവിന് ലഭിച്ചു. 250-ലധികം നഴ്‌സുമാർ ഗീതുവിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.

മാൾട്ട മുൻ പ്രസിഡന്റും പ്രധാനമന്ത്രി റോബർട്ട് അബേലയുടെ പിതാവുമായ ജോർജ് അബേലയ്ക്ക് അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ഗീതു പ്രധാനമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധത്തിലായത്. അദ്ദേഹത്തിന്റെ പരിചരണത്തിനായി ഔദ്യോഗിക വസതിയിലെത്തിയ ഗീതു ഏകദേശം ഒരു വർഷത്തോളം കുടുംബത്തോടൊപ്പം പ്രവർത്തിച്ചു. പിന്നീട് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും മകൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോഴും പരിചരണം നൽകിയത് ഗീതുവായിരുന്നു.

പാർലമെന്റിൽ പ്രധാനമന്ത്രി തന്റെ പേര് പരാമർശിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും ഇത്ര വലിയ അംഗീകാരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഗീതു പ്രതികരിച്ചു. മാൾട്ടയിൽ ഇന്ത്യയിൽനിന്നുള്ള 1,200-ലധികം നഴ്‌സുമാരുണ്ടെന്നും അവരിൽ ഏകദേശം 80 ശതമാനവും മലയാളികളാണെന്നും ഗീതു പറഞ്ഞു.

അതേസമയം, യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള തൊഴിലാളികൾക്ക് ലഭിച്ചിരുന്ന സൗജന്യ ശിശുപരിപാലന, പൊതുഗതാഗത ആനുകൂല്യങ്ങൾ പിൻവലിക്കുന്നതടക്കമുള്ള മാൾട്ടയുടെ ബജറ്റ് നിർദേശങ്ങൾ വിദേശ ആരോഗ്യപ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മകൾ ടിയാനയ്ക്കും കുടുംബത്തിനുമൊപ്പം ഗീതു ഇപ്പോൾ മാൾട്ടയിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *