ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന 2026 പുരുഷന്മാരുടെ ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാ കപ്പ് ഫൈനലുമായി ബന്ധപ്പെട്ട് വൻ വിവാദം. കനത്ത മഴയെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനൽ മത്സരം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. തുടർന്ന് പാകിസ്ഥാനെ ടൂർണമെന്റിലെ ഏക ചാമ്പ്യന്മാരായി പ്രഖ്യാപിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന് കിരീടം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ ടീം രംഗത്തെത്തി.
ഫൈനൽ മത്സരം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്ത്യയെയും പാകിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കണമെന്നായിരുന്നു ഇന്ത്യൻ ടീമിന്റെ നിലപാട്. ടൂർണമെന്റിന്റെ സാങ്കേതിക സമിതിയും ഇത്തരമൊരു തീരുമാനമാണ് എടുത്തിരുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പാകിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് കൂടിയായ വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സയ്യിദ് സുൽത്താൻ ഷാ ഈ തീരുമാനം മറികടന്ന് പാകിസ്ഥാനെ മാത്രം ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് (CABI) ആരോപിച്ചു. ഈ തീരുമാനം ടൂർണമെന്റ് നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇരുടീമുകൾക്കും തുല്യ പരിഗണന നൽകണമെന്നും CABI ആവശ്യപ്പെട്ടു.
വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ താരങ്ങൾ ട്രോഫി വിതരണച്ചടങ്ങ് ബഹിഷ്കരിച്ചു. പാകിസ്ഥാന് മാത്രം കിരീടം നൽകിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയെയും പാകിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കണമെന്നുമാണ് ഇന്ത്യൻ സംഘത്തിന്റെ ആവശ്യം. വിഷയത്തിൽ കൃത്യമായ പരിഹാരം ഉണ്ടാകുന്നതുവരെ പാകിസ്ഥാനെതിരെ ഇനി മത്സരങ്ങൾ കളിക്കില്ലെന്ന കടുത്ത നിലപാടും CABI സെക്രട്ടറി ശൈലേന്ദ്ര ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി. മഴമൂലം ഫൈനൽ മുടങ്ങിയതിനെത്തുടർന്നുണ്ടായ ഈ സംഭവവികാസങ്ങൾ അന്താരാഷ്ട്ര ബ്ലൈൻഡ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

