‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ന് പിന്നാലെ ‘കോക്രോച്ച് ക്ലബ്’; യുവാക്കളെ ആകർഷിക്കാൻ പുതിയ വേദിയുമായി സിജെപി

ന്യൂഡൽഹി: ജെൻ സി (Gen Z) പോപ്പ് കൾച്ചറും രാഷ്ട്രീയ ആക്ഷേപഹാസ്യവും സമന്വയിപ്പിച്ച് പുതിയ സ്റ്റേജ് പെർഫോമൻസ് പ്ലാറ്റ്‌ഫോമുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സമയ്റെയ്നയുടെ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന ഷോയുടെ മാതൃകയിൽ ‘കോക്രോച്ച് ക്ലബ്’ എന്ന പേരിലാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്.

സ്റ്റേജിന്റെ രൂപകൽപ്പന, വിധികർത്താക്കളുടെ ഇരിപ്പിടം, പരിപാടിയുടെ പ്രചാരണരീതി എന്നിവയെല്ലാം ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’നെ ഓർമിപ്പിക്കുന്നതാണ്. ‘കോമഡി, ആക്ഷേപഹാസ്യം, ബാപ്പുവിനെക്കുറിച്ചുള്ള സംവാദം’ എന്ന ടാഗ്‌ലൈനോടെ ആദ്യ പരിപാടി പൂനെയിലെ കോത്രൂഡിലുള്ള ഗാന്ധിഭവനിലാണ് സംഘടിപ്പിച്ചത്. ഏകദേശം 250 പേർ പരിപാടിയിൽ പങ്കെടുത്തു.

മഹാത്മാഗാന്ധിയുടെ ആശയങ്ങളും ദർശനങ്ങളും ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും സഹായത്തോടെ പുതുതലമുറയിലേക്ക് എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. തങ്ങളൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നും യുവാക്കളുടെ ആശയവിനിമയത്തിനും സാമൂഹിക ഇടപെടലുകൾക്കുമുള്ള പ്രഷർ ഗ്രൂപ്പാണെന്നുമാണ് സിജെപിയുടെ നിലപാട്.

ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ നേരത്തെ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയ സംഘടന, യുവാക്കളുടെ ഊർജം സാമൂഹിക മാറ്റങ്ങൾക്കായി പ്രയോജനപ്പെടുത്തുകയാണ് പുതിയ വേദിയിലൂടെ ലക്ഷ്യമിടുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സ്റ്റാൻഡ് അപ്പ് കോമഡി പരിപാടികൾക്ക് സമാനമായി കോക്രോച്ച് ക്ലബ്ബിന്റെ എപ്പിസോഡുകൾ പുറത്തിറക്കാനും പദ്ധതിയുണ്ട്.

സമയ് റെയ്‌നയുടെ ഷോയിൽനിന്ന് വ്യത്യസ്തമായി മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ബി.ആർ. അംബേദ്കർ തുടങ്ങിയ പ്രമുഖ ചിന്തകരുടെ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും ചലച്ചിത്ര പ്രദർശനങ്ങൾ, സ്റ്റാൻഡ് അപ്പ് കോമഡി, തത്സമയ കലാപരിപാടികൾ എന്നിവയ്ക്കും കോക്രോച്ച് ക്ലബ് വേദിയൊരുക്കും. യുവാക്കൾക്ക് സംവദിക്കാനും വായിക്കാനും പഠിക്കാനും സ്വന്തം ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള ഇടമായി ഇതിനെ വികസിപ്പിക്കാനാണ് സംഘാടകരുടെ ലക്ഷ്യം.

അമേരിക്കൻ പരിപാടിയായ ‘കിൽ ടോണി’യിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ ആരംഭിച്ചത്. വിവാദങ്ങളെത്തുടർന്ന് നിർത്തിവെച്ച പരിപാടി പിന്നീട് യുട്യൂബിലും നെറ്റ്ഫ്ലിക്സിലും തിരിച്ചെത്തിയിരുന്നു.

പൂനെയിൽ ആരംഭിച്ച കോക്രോച്ച് ക്ലബ് ഡൽഹിയിലേക്കും രാജ്യത്തെ വിദൂര ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സിജെപിയുടെ തീരുമാനം. യുവാക്കളെ രാഷ്ട്രീയ-സാമൂഹിക ചർച്ചകളിലേക്ക് ആകർഷിക്കാൻ ജനപ്രിയ വിനോദമാധ്യമങ്ങളെ ഉപയോഗപ്പെടുത്താനുള്ള ശ്രമം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *