രാജാക്കാട്: പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് ആൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ പണിക്കൻകുടി സ്വദേശി ക്രിസ്റ്റോ, തിങ്കൾക്കാട് സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ മരക്കാനത്തുള്ള ഒരു വീട്ടിലെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. തുടർന്ന് ഉച്ചയ്ക്ക് ശേഷം പൊന്മുടി ഡാമിന്റെ മരക്കാനം ഭാഗത്ത് കുളിക്കാനിറങ്ങിയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. വൈകുന്നേരത്തോടെയാണ് ഇവർ കാണാതായ വിവരം പുറത്തറിഞ്ഞത്.

വിവരമറിഞ്ഞ് രാജാക്കാട് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഡാമിൽ തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം ഇന്നലെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ സ്കൂബ ടീം ഉൾപ്പെടെ എത്തി തിരച്ചിൽ പുനരാരംഭിച്ചു. രാവിലെ എട്ട് മണിയോടെ ക്രിസ്റ്റോയുടെ മൃതദേഹവും തുടർന്ന് ഏകദേശം പത്ത് മണിയോടെ അരുണിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഇരുവരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

