വിമാനത്തിന് നടുറോഡില്‍ ലാന്‍ഡിങ്, പരിശീലനപ്പറക്കലിനിടെ എന്‍ജിനു സാങ്കേതിക തകരാര്‍, രണ്ടു വൈമാനികര്‍ക്ക് പരിക്ക്

ചെന്നൈ: കണ്‍മുന്നില്‍ നടുറോഡില്‍ വിമാനം ക്രാഷ് ലാന്‍ഡിങ് നടത്തിയത് ഒരു നാടിനെയാകെ ഉദ്വേഗത്തിലാഴ്ത്തി. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ അമ്മച്ചത്തിരത്തിലാണ് സംഭവം. തിരുച്ചി-പുതുക്കോട്ട് ദേശീയ പാതയിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ താഴ്ന്നു പറന്ന വിമാനം റോഡിലിറങ്ങിയത്. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ എന്‍ജിന് സാങ്കേതിക പ്രശ്‌നം നേരിട്ടതിനെ തുടര്‍ന്നാണ് ക്രാഷ് ലാന്‍ഡിങ് വേണ്ടിവന്നതെന്നാണ് വിവരം.

ഒറ്റ എന്‍ജിന് മാത്രമുള്ള സെസ്‌ന വിഭാഗത്തില്‍ പെട്ട വിമാനത്തിനാണ് പൊടുന്നനെ ബസ് സ്റ്റോപ്പിനു സമീപം റോഡിലിറങ്ങേണ്ടി വന്നത്. ആ സമയം വഴിയില്‍ മനുഷ്യരോ മറ്റു വാഹനങ്ങളോ ഇല്ലാതിരുന്നതിനാല്‍ കൂടതല്‍ അപകടം ഒഴിവായി. വിമാനത്തിനുള്ളില്‍ രണ്ടു വൈമാനികരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും ചെറിയ തോതില്‍ മാത്രമാണ് പരിക്കേറ്റത്. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. സേലത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണിതെന്നു പറയുന്നു.

അപകട വിവരമറിഞ്ഞ് പുതുക്കോട്ട കിരനൂര്‍ സബ്ഡിവിഷനിലെ പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയും ചെയ്തു. പരിക്കേറ്റ വൈമാനികരെ അടുത്തുള്ള ആശുപത്രിയിലാക്കിയിട്ടുണ്ട്. വിമാനാപകടമായതിനാല്‍ വ്യോമസേനയുടെ പ്രതിനിധികളും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *