കണ്ണൂര്‍: ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ ഇടപെടല്‍ സംബന്ധിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സിപിഎം ടിക്കറ്റില്‍ നഗരസഭയിലേക്കു മത്സരിക്കുന്നു. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നു സിപിഎം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന ടി കെ രത്‌നകുമാര്‍ മുന്‍പ് കണ്ണൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് (എസിപി) ആയിരുന്നു.
ഇദ്ദേഹം നേതൃത്വം നല്‍കിയ അന്വേഷണ സംഘമാണ് നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് പക്ഷപാതം കാട്ടിയെന്നാരോപിച്ച് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയിലെത്തിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെ രത്‌നകുമാര്‍ സര്‍വീസില്‍ നിന്നു വിരമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിക്കുന്നു.
എന്നാല്‍ സിപിഎം കുടുംബത്തില്‍ നിന്നുള്ള ആളാണ് താനെന്നും തികഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും രത്‌നകുമാര്‍ പറയുന്നു. അടുത്ത ദിവസം മുതല്‍ പ്രചാരണത്തിന് ഇറങ്ങാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള വാര്‍ഡാണ് കോട്ടൂര്‍.

