ബെയ്റൂട്ടിൽ വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഒരു ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ എലൈറ്റ് റദ്‌വാൻ സേനയിലെ പ്രധാന കമാൻഡറായ അഹമ്മദ് അലി ബാലൗത്താണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.

ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം ബെയ്റൂട്ടിൽ നടക്കുന്ന ആദ്യ വലിയ ആക്രമണമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്നത് ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ദാഹിയ മേഖലയിലായിരുന്നു. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായും പ്രദേശത്ത് വലിയ നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, “തീവ്രവാദികൾക്ക് എവിടെയും സുരക്ഷിത അഭയം ഇല്ല”െന്ന് പ്രതികരിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആക്രമണത്തെക്കുറിച്ച് ഹിസ്ബുള്ള ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ നടന്ന ആക്രമണം മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *