ചൈനയിലെ മുൻ പ്രതിരോധ മന്ത്രിമാരായ വെയ് ഫെങ്ഹെക്കും ലി ഷാങ്ഫുക്കും അഴിമതി കേസിൽ വധശിക്ഷ വിധിച്ചു. എന്നാൽ ശിക്ഷയ്ക്ക് രണ്ട് വർഷത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ടെന്ന് ചൈനീസ് സർക്കാർ വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്തു.സൈനിക മേഖലയിലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായാണ് നടപടി.
കൈക്കൂലി വാങ്ങൽ, അധികാരം ദുരുപയോഗം ചെയ്യൽ, നിയമവിരുദ്ധ നിയമനങ്ങൾക്ക് സഹായം നൽകൽ എന്നിവയാണ് ഇരുവർക്കുമെതിരായ പ്രധാന കുറ്റങ്ങൾ. ലി ഷാങ്ഫുവിനെതിരെ കൈക്കൂലി വാങ്ങുകയും നൽകുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
2023-ൽ ലി ഷാങ്ഫുവിനെ പ്രതിരോധ മന്ത്രിസ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി നീക്കിയിരുന്നു. 2018 മുതൽ 2023 വരെ വെയ് ഫെങ്ഹെ പ്രതിരോധ മന്ത്രിയായി പ്രവർത്തിച്ചിരുന്നു. ഇരുവരെയും 2024-ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.ചൈനയിലെ നിയമപ്രകാരം രണ്ട് വർഷത്തെ സ്റ്റേയോടെയുള്ള വധശിക്ഷ സാധാരണയായി ജീവപര്യന്തം തടവായി കുറയ്ക്കുന്ന രീതിയാണ് പിന്തുടരുന്നത്. പിന്നീട് അത് പരോൾ ഇല്ലാത്ത ജീവപര്യന്തമായി മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

