ജക്കാർത്ത: ശക്തമായ ഭൂചലനത്തിൽ വിറച്ച ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ത്യയിലെ സമയം പ്രകാരം രാത്രി 9.55ഓടെയായിരുന്നു ചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതിന് മുമ്പ് ശനിയാഴ്ച പുലർച്ചെ ഫ്ലോറസ് ദ്വീപിന് സമീപം 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായിരുന്നു. ഇതിൽ 38 പേർ മരിച്ചതായാണ് അന്നത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം 6.5 തീവ്രതയുള്ള മറ്റൊരു ഭൂചലനവും പ്രദേശത്ത് റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായ ചലനങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പ്രധാന ഭൂചലനത്തെ തുടർന്ന് നിരവധി തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രധാന ഭൂചലനത്തെ തുടർന്ന് ഫ്ലോറസ് ദ്വീപിലെ വിവിധ മേഖലകളിൽ കെട്ടിടങ്ങൾ തകരുകയും മണ്ണിടിച്ചിലുണ്ടാകുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ദുരന്തബാധിത മേഖലകളിലേക്ക് രക്ഷാപ്രവർത്തകരുടെ പ്രവേശനവും ദുഷ്കരമായി.

