ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ മിസൈൽ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹെംഗാം, ഖെഷം ദ്വീപുകളുടെ തീരത്തുവെച്ച് പ്രൊജക്റ്റൈൽ പതിച്ച് കപ്പലിന് കേടുപാടുകൾ സംഭവിച്ചതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളും പ്രാദേശിക അധികൃതരും സ്ഥിരീകരിച്ചു.
കടലിൽ കപ്പലിന് നേരെ സ്ഫോടകവസ്തു പതിച്ചതായി യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് പ്രദേശത്ത് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നതായി പ്രദേശവാസികളും വ്യക്തമാക്കി. ആഗോള എണ്ണ വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കാരണം കപ്പൽ ഗതാഗതത്തിന് വലിയ തടസ്സങ്ങൾ നേരിടുന്നുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ യുഎസ് സൈന്യത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ലെങ്കിലും, ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള ഗതാഗതം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി യുഎസ് സേന പ്രദേശത്ത് സാന്നിധ്യം ശക്തമാക്കിയിരിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണസംഘം കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

