കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതിയെ വെടിവെച്ചു കൊന്നു; പ്രതി സ്വയം വെടിവെച്ച് മരിച്ചു

സാക്രമെന്റോ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാക്രമെന്റോയിൽ ഇന്ത്യൻ വംശജയായ ശാലിനി താക്കൂർ (38) വെടിയേറ്റു മരിച്ചു. മാസങ്ങളായി ശാലിനിയെ ശല്യം ചെയ്തിരുന്ന ഇരുപത്തിരണ്ടുകാരനായ രോഹിത് ആണ് കൊലപാതകത്തിന് ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത്. സാക്രമെന്റോയിലെ ഒരു ഷോപ്പിംഗ് പ്ലാസയിലുള്ള ഹോട്ടലിന് മുന്നിൽ വെച്ചായിരുന്നു സംഭവം. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ശാലിനിയെ പിന്തുടർന്ന പ്രതി, കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് പലതവണ വെടിയുതിർക്കുകയായിരുന്നു. നിലത്തുവീണ യുവതിയുടെ തലയ്ക്ക് ഇയാൾ വീണ്ടും വെടിവെച്ചതായി ദൃക്സാക്ഷികൾ വ്യക്തമാക്കി.

കൃത്യം നടത്തിയ ശേഷം കാറിൽ രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. തുടർന്ന് ലൈസൻസ് പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെ ഹൈവേ 50-ൽ വെച്ച് പൊലീസ് വാഹനം വളഞ്ഞു. എന്നാൽ കീഴടങ്ങാൻ തയ്യാറാകാതിരുന്ന രോഹിത്, കാർ നിർത്തിയ ശേഷം സ്വന്തം തോക്കെടുത്ത് തലയിലേക്ക് വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. വാഹനത്തിന്റെ ഗ്ലാസ് തകർത്ത് ഉള്ളിൽ കടന്ന പൊലീസ്, ഡ്രൈവിംഗ് സീറ്റിൽ മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രതി ശാലിനിയെ നിരന്തരമായി ശല്യം ചെയ്യുകയും പിന്തുടരുകയും ചെയ്തിരുന്നതായി കുടുംബാംഗങ്ങളും പൊലീസും സ്ഥിരീകരിച്ചു. കാറിന് അടിയിൽ ലൊക്കേഷൻ ട്രാക്ക് ചെയ്യാനുള്ള ആപ്പിൾ എയർ ടാഗ് ഒളിപ്പിച്ചു വെച്ചും ടയറിലെ കാറ്റ് അഴിച്ചുവിട്ടും ഇയാൾ ശല്യം തുടർന്നിരുന്നു. ഇതിനെതിരെ ശാലിനി കോടതിയിൽ നിന്ന് തടയൽ ഉത്തരവ് നേടിയിരുന്നെങ്കിലും പ്രതി അത് ലംഘിക്കുകയായിരുന്നു. 2023-ൽ ഇന്ത്യയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടന്നയാളാണ് രോഹിതെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *