വാണിജ്യക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: പ്രതിഷേധം ആവർത്തിച്ച് ഇന്ത്യ

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാവികരുള്ള വാണിജ്യക്കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടായ ആക്രമണങ്ങളിൽ അമേരിക്കയോട് ഇന്ത്യ വീണ്ടും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യുഎസ് ചാർജ് ഡി അഫയേഴ്‌സ് ജേസൺ മീക്സിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (അമേരിക്കൻ വിഭാഗം) നാഗരാജ് നായിഡു, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു. വാണിജ്യക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര ജലപാതകളിലെ സ്വതന്ത്ര നാവിഗേഷൻ പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടു.

ഒമാൻ തീരത്തിന് സമീപം എം.ടി. ജൽവീർ എന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണം മേഖലയിൽ വാണിജ്യക്കപ്പലുകൾക്ക് നേരെയുണ്ടായ മൂന്നാമത്തെ സംഭവമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇതിന് മുമ്പ് എം.ടി. സെറ്റെബെല്ലോ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിരുന്നു.

കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഇതിന് പുറമെ എം.ടി. മാരിവെക്സ് കപ്പലിനും ആക്രമണം നേരിട്ടിരുന്നു. പ്രദേശത്തെ സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ സംഭാഷണത്തിനും നയതന്ത്രപരമായ പരിഹാരത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നും ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *