പാരാഗ്ലൈഡിംഗിനിടെ അപകടം; ഹോളിവുഡ് ഛായാഗ്രാഹകൻ ജോർജ് റിച്ച്മണ്ടിന് ഗുരുതര പരിക്ക്

പ്രശസ്ത ഹോളിവുഡ് ഛായാഗ്രാഹകനായ ജോർജ് റിച്ച്മോണ്ടിന് ഹിമാചൽ പ്രദേശിലെ കുള്ളു ജില്ലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. കഴുത്തിന് സാരമായ പരിക്കേറ്റ അദ്ദേഹത്തെ രക്ഷാപ്രവർത്തനത്തിനുശേഷം ചണ്ഡീഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായും നിലവിൽ ആരോഗ്യനില സ്ഥിരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ജൂൺ 8-ന് കാംഗ്രയിലെ ബിർ-ബില്ലിംഗിൽ നിന്ന് ദിയോ ടിബ്ബ മേഖലയിലേക്കുള്ള ദീർഘദൂര പാരാഗ്ലൈഡിംഗ് യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് സഹപാരാഗ്ലൈഡർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പ്രാദേശിക ഭരണകൂടവും എയർ ഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് റിച്ച്മണ്ടിനെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

54-കാരനായ ജോർജ് റിച്ച്മണ്ട് ഫ്രീ ഗയ്, ഡെഡ് പൂൾ & വോൾവെറൈൻ, കിങ്സ്മെൻ പരമ്പര, റോക്കറ്റ്മാൻ തുടങ്ങിയ ശ്രദ്ധേയ ഹോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. ചികിത്സയ്ക്കുശേഷം അദ്ദേഹത്തെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *