പോത്തൻകോട്ട് പീഡനശ്രമം;പ്രതിക്കെതിരെ പോക്സോ കേസ്, പ്രതിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധം

പോത്തൻകോട്: പതിമൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അയൽവാസിയായ നാൽപ്പതുകാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അയൽവാസി പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഈ സമയം അവിടേക്ക് എത്തിയ പെൺകുട്ടിയുടെ പിതാവ് അതിക്രമം തടയുകയും തടിക്കഷണം ഉപയോഗിച്ച് പ്രതിയെ മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ പ്രതിയുടെ കാൽ ഒടിയുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതിയെ മർദ്ദിച്ചതിന് പെൺകുട്ടിയുടെ പിതാവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പോലീസും ചേർന്ന് പെൺകുട്ടിക്ക് നൽകിയ കൗൺസിലിംഗിലാണ് തനിക്കെതിരെ നടന്ന പീഡനശ്രമത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അയൽവാസിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി അന്വേഷണം ഊർജ്ജിതമാക്കിയത്. കാൽ ഒടിഞ്ഞ് ചികിത്സയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *