ഓസ്‌ട്രേലിയൻ വ്യവസായി ഗ്രെഗ് ജോസഫ്സൺ വധക്കേസ്: കൗമാരക്കാരനെ സുപ്രീം കോടതിയിൽ വിചാരണ ചെയ്യും

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ‘യൂണിവേഴ്സൽ സ്റ്റോർ’ സഹസ്ഥാപകനും പ്രമുഖ വ്യവസായിയുമായ ഗ്രെഗ് ജോസഫ്സണെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൗമാരക്കാരനെ സുപ്രീം കോടതിയിൽ വിചാരണ ചെയ്യാൻ ഉത്തരവ്. വ്യാഴാഴ്ച ബ്രിസ്ബേൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിന്റെ കമ്മീറ്റൽ നടപടികൾ പൂർത്തിയായത്. കോടതിയിൽ ഹാജരാക്കിയ 104 സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ് വിചാരണയ്ക്കായി സുപ്രീം കോടതിയിലേക്ക് മാറ്റാൻ മജിസ്‌ട്രേറ്റ് ആൻ താക്കർ ഉത്തരവിട്ടത്.

2025 ജൂൺ 26-ന് ബ്രിസ്ബേന്റെ ആഡംബര പ്രാന്തപ്രദേശമായ ക്ലേഫീൽഡിലുള്ള ജോസഫ്സന്റെ വസതിയിൽ നടന്ന ഒരു പാർട്ടിയിക്കിടെയാണ് 58-കാരനായ ഗ്രെഗ് ജോസഫ്സൺ കൊല്ലപ്പെടുന്നത്. ഏകദേശം മുപ്പതോളം കൗമാരക്കാർ പങ്കെടുത്ത പാർട്ടിയിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ, അന്ന് 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പ്രതി ജോസഫ്സണെ മാരകമായി കുത്തിക്കൊല്ലുകയായിരുന്നു. ക്വീൻസ്‌ലാൻഡ് സർക്കാർ പുതുതായി കൊണ്ടുവന്ന കടുത്ത കുറ്റകൃത്യങ്ങൾക്കുള്ള ‘അഡൽറ്റ് ക്രൈം, അഡൽറ്റ് ടൈം’ (Adult crime, adult time) നിയമപ്രകാരം വിചാരണ നേരിടുന്ന സംസ്ഥാനത്തെ ആദ്യത്തെ പ്രായപൂർത്തിയാകാത്ത പ്രതിയാണ് ഈ കൗമാരക്കാരൻ. ഈ നിയമപ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം.

കൊല്ലപ്പെട്ട ഗ്രെഗ് ജോസഫ്സണുമായി പ്രതിക്ക് മുൻപരിചയമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കിയ പ്രതി, കുറ്റാരോപണങ്ങളോട് പ്രതികരിക്കാനോ വാദങ്ങൾ ഉന്നയിക്കാനോ തയ്യാറായില്ല. വിചാരണ നേരിടാൻ സമ്മതമാണെന്ന് പ്രതിയുടെ അഭിഭാഷകൻ ക്രിസ് ജാൻകെ കോടതിയെ അറിയിച്ചു. മാധ്യമങ്ങളുടെ വലിയ സാന്നിധ്യം കണക്കിലെടുത്ത് ജോസഫ്സന്റെ ഭാര്യ ടാംറ കോടതി നടപടികൾക്കെത്തിയിരുന്നില്ല. കേസ് സുപ്രീം കോടതിയിലേക്ക് മാറ്റിയ സാഹചര്യത്തിൽ, കൃത്യമായ വിചാരണ തീയതി പിന്നീട് പ്രഖ്യാപിക്കും. അതുവരെ പ്രതി റിമാൻഡിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *