യാത്രകൾക്കായി നികുതിപ്പണം ദുരുപയോഗം ചെയ്തു; ഓസ്‌ട്രേലിയൻ മന്ത്രി അനിക വെൽസ് തുക തിരിച്ചടയ്ക്കണം

മെൽബൺ: യാത്രാ ചെലവുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ കുടുങ്ങിയ ഓസ്‌ട്രേലിയൻ കമ്മ്യൂണിക്കേഷൻസ്-കായിക മന്ത്രി അനിക വെൽസിനോട് ആയിരക്കണക്കിന് ഡോളർ നികുതിപ്പണം തിരിച്ചടയ്ക്കാൻ ഉത്തരവിട്ടു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇവർ നടത്തിയ നാല് വിദേശയാത്രകൾ ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. വെള്ളിയാഴ്ച രാവിലെ മന്ത്രി പരസ്യമായി മാപ്പപേക്ഷിക്കുകയും പിഴയടക്കം തുക തിരിച്ചടയ്ക്കുകയും ചെയ്തു.

പാർലമെന്ററി ചെലവുകൾ പരിശോധിക്കുന്ന സ്വതന്ത്ര അതോറിറ്റി (IPEA) നടത്തിയ അന്വേഷണത്തിൽ 10,116 ഡോളറാണ് (ഏകദേശം 8.5 ലക്ഷം രൂപ) മന്ത്രി തിരിച്ചടയ്ക്കേണ്ടത്. ഇതിൽ 25 ശതമാനം പിഴയും ഉൾപ്പെടുന്നു.സോഷ്യൽ മീഡിയ നിരോധനവുമായി ബന്ധപ്പെട്ട് ന്യൂയോർക്കിലേക്ക് നടത്തിയ യാത്രയ്ക്കായി 90,000 ഡോളറിലധികം നികുതിപ്പണം ചിലവാക്കിയത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയുള്ള യാത്രകളും അന്വേഷണ പരിധിയിൽ വന്നത്.ഭർത്താവ് ഫിൻ മക്കാർത്തിക്ക് മൂന്ന് എഎഫ്എൽ (AFL) ഗ്രാൻഡ് ഫൈനലുകളിൽ പങ്കെടുക്കുന്നതിനായി 7,000 ഡോളർ നികുതിപ്പണത്തിൽ നിന്ന് ചിലവാക്കി. കൂടാതെ, 2024 ജൂണിൽ ത്രെഡ്‌ബോയിൽ (Thredbo) നടന്ന യോഗങ്ങളിൽ പങ്കെടുക്കാൻ ഭർത്താവിനെയും കുട്ടികളെയും കൂടെക്കൂട്ടിയതിനായി 3,000 ഡോളറും ചിലവഴിച്ചു.2023-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ സന്ദർശന വേളയിൽ ഏഴ് മണിക്കൂർ നേരത്തേക്ക് ഡ്രൈവർ സഹിതമുള്ള വാഹനത്തിനായി 1,000 ഡോളറും, 2022-ലെ എൻആർഎൽ (NRL) ഗ്രാൻഡ് ഫൈനൽ ദിനത്തിൽ ഒൻപത് മണിക്കൂർ നേരത്തേക്ക് 1,200 ഡോളറും ചാർജ് ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നു.

“ലാഭകരമായ മാർഗ്ഗമെന്ന് കരുതിയാണ് ഞാൻ ഈ തീരുമാനങ്ങൾ എടുത്തത്. എന്നാൽ ചട്ടങ്ങൾ പ്രകാരം അവ അനുവദനീയമല്ലെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. സംഭവിച്ച തെറ്റിൽ ഞാൻ ക്ഷമ ചോദിക്കുന്നു,” അനിക വെൽസ് പ്രസ്താവനയിൽ പറഞ്ഞു.

മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പ്രധാനമന്ത്രി ആന്തണി ആൽബനീസ് അനികയെ പിന്തുണച്ചു. മന്ത്രി സ്വയം അന്വേഷണത്തിന് വിധേയയായെന്നും തുക തിരിച്ചടച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, യാത്രാ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ കുടുംബാംഗങ്ങളുടെ യാത്രാ നിയമങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ പ്രധാനമന്ത്രി തീരുമാനിച്ചു. വകുപ്പിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് അനികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *