ഐഎസ് വധുക്കളുടെ മടക്കം, അല്പം പോലും സഹതാപമില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; മടങ്ങിയെത്തിയവർക്കെതിരെ കടുത്ത നടപടി

മെൽബൺ/സിഡ്‌നി: സിറിയയിലെ അൽ-റോജ് തടങ്കൽ പാളയത്തിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തിയ ഐഎസ് അനുഭാവമുള്ള നാല് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ കടുത്ത നടപടിയുമായി ഓസ്‌ട്രേലിയൻ ഭരണകൂടം. മടങ്ങിയെത്തിയവരോട് തനിക്ക് അല്പം പോലും സഹതാപമില്ലെന്നും നിയമത്തിന് മുന്നിൽ ഇവർ വിചാരണ നേരിടണമെന്നും പ്രധാനമന്ത്രി ആന്തണി ആൽബനീസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി സിഡ്‌നി, മെൽബൺ വിമാനത്താവളങ്ങളിലിറങ്ങിയ നാല് സ്ത്രീകളിൽ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

54 വയസ്സുകാരിയായ കൗസർ അബ്ബാസ്, മകൾ സൈനബ് അഹമ്മദ് (31) എന്നിവർക്കെതിരെ അടിമത്ത വുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റൊരു മകളായ ജനായ് സഫറിനെ (32) ഭീകര വാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു.2014-ൽ സിറിയയിലേക്ക് പോയ കൗസർ അബ്ബാസ് 10,000 ഡോളർ നൽകി ഒരു സ്ത്രീയെ അടിമയായി വാങ്ങിയെന്നും സ്വന്തം വീട്ടിൽ താമസിപ്പിച്ചു വെന്നുമാണ് പോലീസ് കണ്ടെത്തൽ. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ചുമത്തിയിട്ടുള്ള ഇവർക്ക് 25 വർഷം വരെ തടവ് ലഭിക്കാം. മകൾ സൈനബും സമാനമായ രീതിയിൽ അടിമത്തം പ്രോത്സാഹി പ്പിച്ചതായി പോലീസ് ആരോപിക്കുന്നു.സിഡ്‌നിയിലിറങ്ങിയ ജനായ് സഫറിനെതിരെ ഐഎസ് അംഗമായ ഭർത്താവിനൊപ്പം ചേരാൻ സിറിയയിലേക്ക് പോയതിനും ഭീകര സംഘടനയിൽ അംഗമായതിനും കേസെടുത്തു. ഇവർക്ക് കോടതി ജാമ്യം നിഷേധിച്ചു.

“ഓസ്‌ട്രേലിയൻ പൗരന്മാർ എന്ന നിലയിലുള്ള അവകാശങ്ങൾ അവർക്കുണ്ടാകാം. എന്നാൽ നിയമവാഴ്ചയിൽ വിശ്വസിക്കുന്ന രാജ്യമാണ് നമ്മുടേത്. ഇവർക്കെതിരെ നിയമം അതിന്റെ എല്ലാ കരുത്തോടും കൂടി പ്രവർത്തി ക്കും,” പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു. മടങ്ങിയെത്തിയ സ്ത്രീകളോട് സഹതാപമില്ലെന്ന് വ്യക്ത മാക്കിയ പ്രധാനമന്ത്രി, എന്നാൽ അവരോടൊപ്പമുള്ള എട്ട് കുട്ടികൾ മാതാപിതാക്കളുടെ തെറ്റായ തീരുമാന ങ്ങളുടെ ഇരകളാണെന്നും അവർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും കൂട്ടിച്ചേർത്തു.

കൗസർ അബ്ബാസിനും സൈനബിനും വേണ്ടി ഹാജരാകുന്നത് പ്രമുഖ ക്രിമിനൽ അഭിഭാഷകരായ ബിൽ ഡൂഗും മായ ജോർജുമാണ്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയെ നടുക്കിയ ‘മഷ്റൂം കൊലപാതക’ കേസിൽ എറിൻ പാറ്റേഴ്സണെ പ്രതിരോധിച്ചതും ഇതേ അഭിഭാഷകരായിരുന്നു. അതേസമയം, സംഘത്തിലുണ്ടായിരുന്ന സഹറ അഹമ്മദ് എന്ന സ്ത്രീയെ നിലവിൽ കുറ്റങ്ങളൊന്നും ചുമത്താതെ വിട്ടയച്ചു. വിമാനത്താവളത്തിൽ കനത്ത സുരക്ഷയിലാണ് ഇവരെ ബന്ധുക്കൾ സ്വീകരിച്ചത്. ഈ സംഘത്തിന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട അന്വേ ഷണം ഇപ്പോഴും തുടരുകയാണെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *