മെൽബൺ: ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ പുതിയ വഴികൾ തേടുകയാണ് ഓസ്‌ട്രേലിയക്കാർ. കോൾസ് വൂൾവർത്ത്സ് തുടങ്ങിയ പ്രമുഖ സൂപ്പർമാർക്കറ്റുകളെ ഉപേക്ഷിച്ച്, ‘ബെസ്റ്റ് ബിഫോർ’ കാലാവധി കഴിഞ്ഞതോ അതിനോട് അടുത്തതോ ആയ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ‘സാൽവേജ്’ സ്റ്റോറുകളിലേക്ക് ജനങ്ങൾ കൂട്ടമായി എത്തുന്നു.
മെൽബണിലെ സ്പ്രിംഗ്‌വെയിലിലുള്ള ഇൻഡസ്ട്രിയൽ വെയർഹൗസുകളിൽ ഒരു ഡോളറിന് ചിപ്‌സും 80 സെന്റിന് ബിസ്കറ്റുകളും വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. NQR, ചീപ്പർ ബൈ മൈൽസ് ബിയോണ്ട് ബെസ്റ്റ് ബിഫോർ തുടങ്ങിയ സ്ഥാപനങ്ങൾ ഇത്തരത്തിൽ വൻ വിലക്കുറവിൽ സാധനങ്ങൾ നൽകുന്നതിൽ മുൻപന്തിയിലുണ്ട്. സാധാരണ വിപണി വിലയേക്കാൾ 80 ശതമാനം വരെ ലാഭത്തിലാണ് ഇവിടെ സാധനങ്ങൾ വിൽക്കുന്നത്.
സോഷ്യൽ മീഡിയയിലെ ‘ബാർഗെയ്ൻ വ്ലോഗർമാരും’ ഈ മാറ്റത്തിന് വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം കടകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്നതിന്റെ വീഡിയോകൾ ടിക് ടോക്കിലും യൂട്യൂബിലും വൈറലായതോടെ കൂടുതൽ ആളുകൾ ഈ രീതിയിലേക്ക് ആകർഷിക്കപ്പെട്ടു.
‘ബെസ്റ്റ് ബിഫോർ’ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണോ?
ഓസ്‌ട്രേലിയൻ നിയമപ്രകാരം ‘യൂസ് ബൈ’ ‘ബെസ്റ്റ് ബിഫോർ’എന്നിങ്ങനെ രണ്ട് തരം തീയതികളാണ് ഭക്ഷണപ്പൊതികളിൽ രേഖപ്പെടുത്താറുള്ളത്.
യൂസ് ബൈ: മാംസം, പാൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് നൽകുന്ന ഈ തീയതിക്ക് ശേഷം സാധനങ്ങൾ വിൽക്കുന്നത് നിയമവിരുദ്ധവും ആരോഗ്യത്തിന് ഹാനികരവുമാണ്.
ബെസ്റ്റ് ബിഫോർ: ഇത് ഭക്ഷണത്തിന്റെ ഗുണമേന്മ ഏറ്റവും മികച്ചതായിരിക്കുന്ന കാലയളവിനെയാണ് സൂചിപ്പിക്കുന്നത്. ഈ തീയതി കഴിഞ്ഞാലും സാധനങ്ങൾ കേടുവന്നിട്ടില്ലെങ്കിൽ അവ വിൽക്കുന്നതിനോ ഉപയോഗിക്കുന്നതിനോ തടസ്സമില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യയോഗ്യമായ സാധനങ്ങൾ പാഴാക്കുന്നത് ഒഴിവാക്കാനും പണം ലാഭിക്കാനും ഈ രീതി സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. പ്രധാന നഗരങ്ങളിൽ മാത്രമല്ല, ഓൺലൈൻ സൗകര്യത്തിലൂടെ പ്രാദേശിക മേഖലകളിലുള്ളവരും ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. പണപ്പെരുപ്പം സാധാരണക്കാരെ ബാധിക്കുന്ന ഈ സമയത്ത്, ബുദ്ധിപൂർവ്വം പണം ചിലവഴിക്കാനുള്ള ഒരു മാർഗമായി ‘സാൽവേജ്’ ഷോപ്പിംഗ് മാറുകയാണ്

