കുട്ടികളിൽ ശുചിത്വബോധം ഉറപ്പാക്കാൻ ‘ബിൻ വിൻ ഗോൾ ചലഞ്ച്’ ആരംഭിച്ചു

തിരുവനന്തപുരം: പൊതുജനങ്ങളിലും കുട്ടികളിലും ശുചിത്വബോധവും മാലിന്യപരിപാലനവും വളർത്തുന്നതിനായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഗ്രീൻ ക്ലീൻ കേരള-ബിൻ വിൻ ഗോൾ ചലഞ്ചിന്’ ജില്ലയിൽ തുടക്കമായി. പേരൂർക്കട ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗോൾ ചലഞ്ചിൽ പങ്കെടുത്തുകൊണ്ട് ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയ ഖരമാലിന്യ പരിപാലന ചട്ടം 2026-മായി ബന്ധപ്പെടുത്തി മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നാലായി തരം തിരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, ശുചിത്വമിഷൻ നടപ്പാക്കുന്ന ‘നല്ല നാല് വർത്തമാനം’ ക്യാമ്പയിന്റെ ഭാഗമായാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

ഇഷ്ട ടീമുകളുടെ ജഴ്സിയണിഞ്ഞ് കുട്ടികളും അധ്യാപകരും അനധ്യാപകരും വലിയ ആവേശത്തോടെയാണ് ഗോൾ ചലഞ്ചിൽ പങ്കാളികളായത്. ജൈവം, അജൈവം, സാനിറ്ററി, സ്പെഷ്യൽ കെയർ എന്നിങ്ങനെ ഖരമാലിന്യ പരിപാലനചട്ടം നിഷ്‌കർഷിക്കുന്ന പ്രകാരം നാല് വ്യത്യസ്ത നിറങ്ങൾ നൽകിയ പോസ്റ്റുകളാണ് മത്സരത്തിനായി തയാറാക്കിയിരുന്നത്. മത്സരാർത്ഥികൾക്ക് നൽകുന്ന മാലിന്യം ഏത് കളർ ബിന്നിലാണ് നിക്ഷേപിക്കേണ്ടത് എന്ന് കൃത്യമായി തിരിച്ചറിഞ്ഞ്, ഇതുമായി ബന്ധപ്പെട്ട നിറമുള്ള പോസ്റ്റുകളിലേക്ക് ഗോളടിക്കുന്ന രീതിയിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ചലഞ്ചിൽ കൃത്യമായി ഗോളടിച്ച് വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങളും വിതരണം ചെയ്തു.

പേരൂർക്കട വാർഡ് കൗൺസിലർ വിനീത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ അരുൺ രാജ് പി.എൻ, സംസ്ഥാന ശുചിത്വമിഷൻ ഐ.ഇ.സി എക്‌സ്‌പെർട്ട് ഗോകുൽ, സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, വൈസ് പ്രിൻസിപ്പൽ അനിതാ ഭായി, പി.ടി.എ ഭാരവാഹികൾ, ജില്ലാ ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *