പരീക്ഷണത്തിനിടെ ബ്ലൂ ഒറിജിൻ റോക്കറ്റ് പൊട്ടിത്തെറിച്ചു; ബഹിരാകാശ പദ്ധതികൾക്ക് തിരിച്ചടി

അമേരിക്കൻ വ്യവസായി Jeff Bezos സ്ഥാപിച്ച ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ (New Glenn) റോക്കറ്റ് ഫ്‌ളോറിഡയിലെ കേപ് കനാവറലിലുള്ള ലോഞ്ചിംഗ് പാഡിൽ നടന്ന എൻജിൻ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. “ഹോട്ട്-ഫയർ ടെസ്റ്റ്” എന്നറിയപ്പെടുന്ന പരീക്ഷണത്തിനിടെയായിരുന്നു സംഭവം.

റോക്കറ്റ് വിക്ഷേപണത്തിന് മുമ്പായി ഇന്ധനം നിറച്ച് എൻജിനുകൾ പ്രവർത്തിപ്പിക്കുന്ന പരീക്ഷണത്തിനിടെ വലിയ തീഗോളമായി റോക്കറ്റ് പൊട്ടിത്തെറിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും പരീക്ഷണ സ്ഥലത്തുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു. സംഭവത്തെ കമ്പനി “അനോമലി” (അസാധാരണ തകരാർ) എന്നാണ് വിശേഷിപ്പിച്ചത്.

ആമസോണിന്റെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയായ പ്രോജക്ട് കുയ്പറിനായി 48 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്ന ദൗത്യത്തിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിരുന്നു പരീക്ഷണം. ഈ അപകടം മൂലം ആ വിക്ഷേപണം ഉൾപ്പെടെയുള്ള വരാനിരിക്കുന്ന പദ്ധതികൾ വൈകാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സ്‌പേസ് എക്‌സുമായി മത്സരിക്കാൻ ബ്ലൂ ഒറിജിൻ വികസിപ്പിച്ചുവരുന്ന ന്യൂ ഗ്ലെൻ റോക്കറ്റിനുള്ള വലിയ തിരിച്ചടിയായാണ് അപകടം വിലയിരുത്തപ്പെടുന്നത്. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി കമ്പനി അറിയിച്ചു. സംഭവത്തെ തുടർന്ന് യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഭാവി ദൗത്യങ്ങളിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *