പരവൂർ: രാജ്യത്തിന്റെ അതിവേഗ റെയിൽ സ്വപ്നങ്ങൾക്ക് കരുത്തേകുന്ന ബുള്ളറ്റ് ട്രെയിൻ കോച്ച് നിർമ്മാണ പ്ലാന്റ് ബംഗളൂരുവിൽ സജ്ജമായി. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) സ്ഥാപനത്തിലെ ‘ആദിത്യ’ പ്ലാന്റ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.
ബെമലിന്റെ തിപ്പസാന്ദ്ര കാമ്പസിൽ സ്ഥാപിച്ചിരിക്കുന്ന ഈ പ്ലാന്റിൽ ആഭ്യന്തര സാങ്കേതികവിദ്യ ഉപയോഗിച്ച് അതിവേഗ ട്രെയിൻ കോച്ചുകൾ നിർമ്മിക്കും. ഇത് രാജ്യത്തെ തദ്ദേശീയ എൻജിനിയറിംഗ് രംഗത്തിന് വലിയ മുന്നേറ്റമാണെന്ന് മന്ത്രി വ്യക്തമാക്കി.
അതിവേഗ റെയിൽ സർവീസുകൾക്കായി ബി-28 വിഭാഗത്തിലുള്ള കോച്ചുകളാണ് ഇവിടെ നിർമ്മിക്കുന്നത്. ബുള്ളറ്റ് ട്രെയിനുകൾ പ്രവർത്തനം ആരംഭിച്ചതോടെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ–ബംഗളൂരു ഇടയിലുള്ള യാത്രാസമയം വെറും 73 മിനിറ്റായി ചുരുങ്ങുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. ഇതിലൂടെ ഈ രണ്ട് നഗരങ്ങളും ഒരൊറ്റ സാമ്പത്തിക കേന്ദ്രമായി വളരാൻ സഹായകമാകും.
അടുത്ത വർഷം മാർച്ചോടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം. ഇതോടൊപ്പം ദക്ഷിണേന്ത്യയിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് വന്ദേ ഭാരത് സ്ലീപ്പർ ഉൾപ്പെടെ പുതിയ സർവീസുകളും പ്രഖ്യാപിച്ചതായി മന്ത്രി അറിയിച്ചു.

