ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ യാത്രക്കാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെ രാംനഗറിൽ നിന്ന് ഉധംപൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കഗോർട്ട് ഗ്രാമത്തിന് സമീപത്തെ കൊടുംവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഏകദേശം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
ബസിൽ 60-ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. താഴത്തെ റോഡിലേക്ക് പതിച്ച ബസ് അവിടെയുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയിലിടിച്ചാണ് നിന്നത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക നിവാസികളും പോലീസും ചേർന്ന് ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉധംപൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്ത് ജമ്മുവിലേക്ക് മാറ്റി.
ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തീവ്രദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അനുശോചനം അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും വീതം ധനസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

